അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, യുവന്റസിന്റേത് തുടര്‍ച്ചയായ 9ാം കിരീടം
സാംപഡോറിയയുമായി നടന്ന സീരീ എ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് വിജയിച്ചതോടെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് തങ്ങളുടെ മുപ്പത്തിയഞ്ചാം കിരീടം നേടിയിരിക്കുകയാണ്. തുടർച്ചയായി ഒമ്പതാം തവണയാണ് യുവന്റസ് സീരി എ കിരീടം നേടുന്നത്. 2011-12ൽ അന്റോണിയോ കോണ്ടെ തുടങ്ങി വെച്ച വിജയത്തുടർച്ച അല്ലെഗ്രിക്കുശേഷം മൗറിസിയോ സാരിയും പിന്തുടരുകയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഫെഡറികോ ബെർണാഡ്ഷി എന്നിവരാണ് യുവന്റസിന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ 36 മത്സരങ്ങളിൽ 26 ജയത്തോടെ 83 പോയിന്റാണ് യുവന്റസ് കരസ്ഥമാക്കിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 76 പോയിന്റുള്ള ഇന്റർ മിലാനാണ് രണ്ടാമതുള്ളത്. ഇതോടെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ യുവന്റസ് കിരീടമുറപ്പിക്കുകയായിരുന്നു.
THAT feeling… 😃❤️#Stron9er #LiveAhead pic.twitter.com/emmnnj2H8J
— JuventusFC (@juventusfc) July 26, 2020
മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാനനിമിഷത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ പിറന്നത്. യുവന്റസിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പ്യാനിക്ക് ക്രിസ്റ്റ്യാനോക്ക് വെച്ചു നീട്ടുകയായിരുന്നു. തകർപ്പൻ ഷോട്ടിലൂടെ താരം അത് വലയിലെത്തിക്കുകയായിരുന്നു.
67-ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടപെടലിലൂടെ യുവന്റസിന് മറ്റൊരു ഗോൾ ലഭിച്ചു. താരത്തിന്റെ ഷോട്ട് സാംപടോറിയ കീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് ബോൾ ബെർണാഡ്ഷി ഗോൾ ആക്കി മാറ്റുകയായിരുന്നു. 89-ആം മിനിറ്റിൽ സാൻഡ്രോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കിയത് ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള സിറോ ഇമ്മൊബിലുമായുള്ള പോരാട്ടത്തിനു തിരിച്ചടിയാവുകയായിരുന്നു. ഹാട്രിക്കോടെ 35 ഗോളുമായി ഇമ്മൊബിൽ റോബർട്ടോ ലെവൻഡോസ്‌കിക്കൊപ്പമെത്തിയിരിക്കുകയാണ്.