യുവന്റസിൽ അഴിച്ചുപണി, ഹിഗ്വയ്നടക്കം ആറു താരങ്ങൾ പുറത്തേക്ക്

അടുത്ത സീസണു മുന്നോടിയായി ടീമിനെ ഒരുക്കാൻ വലിയൊരു അഴിച്ചു പണിക്ക് യുവന്റസ് ഒരുങ്ങുന്നു. ടീമിൽ നിലവിൽ കളിക്കുന്നവരിൽ നിന്നും ആറു താരങ്ങളെയാണ് യുവന്റസ് ഒഴിവാക്കുന്നത്. പാസിംഗ് ഫുട്ബോളിന്റെ വക്താവായ സാറി പരിശീലകനായി തുടരുന്നതിന്റെ ഭാഗമായാണ് ഈ ഒഴിവാക്കലുകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഗോൺസാലോ ഹിഗ്വയ്ൻ, ഫെഡറികോ ബെർണാഡെഷി, സാമി ഖദീര, ബ്ലെയ്സ് മാറ്റ്യൂഡി, മാറ്റിയ ഡി സിഗ്ലിയോ, ഡാനിയേല റുഗാനി എന്നിവരെയാണ് യുവന്റസ് ഒഴിവാക്കുന്നത്. ഇതിനു പുറമേ ലോണിൽ കളിക്കുന്ന ലൂക്ക പെല്ലഗ്രിനി, ക്രിസ്ത്യൻ റൊമേരോ എന്നിവരെയും യുവന്റസ് ഒഴിവാക്കിയേക്കും.

സാറിയുടെ പദ്ധതികളുടെ ഭാഗമായി നേരത്തെ തന്നെ യുവന്റസും ബാഴ്സലോണയും തമ്മിൽ ഒരു താരക്കൈമാറ്റ ട്രാൻസ്ഫർ നടന്നിരുന്നു. ബാഴ്സലോണ താരം ആർതറിനെയും യുവന്റസ് താരം പ്യാനിച്ചിനെയുമാണ് ക്ലബുകൾ പരസ്പരം കൈമാറിയത്. ഇതിനു പുറമേ ഏതാനും താരങ്ങളെ യുവന്റസ് സ്വന്തമാക്കാനും സാധ്യതയുണ്ട്.

ഈ സീസണിലെ സീരി എ കിരീടം യുവന്റസ് സ്വന്തമാക്കിയാൽ സാറി പരിശീലക സ്ഥാനത്ത് തുടരുമെന്നുറപ്പാണ്. ചാമ്പ്യൻസ് ലീഗിലും ടീമിനു സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസിക്ക് യൂറോപ്പ ലീഗ് നേടിക്കൊടുത്ത പരിശീലകനാണ് സാറി.

You Might Also Like