ക്രിസ്ത്യാനോയെ ഒഴിവാക്കാനൊരുങ്ങി യുവന്റസ്, പുതിയ കരാർ നൽകിയേക്കില്ല

Image 3
FeaturedFootballSerie A

റയൽ മാഡ്രിഡിൽ നിന്നും 100 മില്യൺ യൂറോക്ക് 2018ൽ യുവന്റസ് സ്വന്തമാക്കിയ പോർച്ചുഗീസ് സൂപ്പർതാരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. രണ്ടു വർഷത്തെ യുവന്റസ് കരിയറിൽ മികച്ച പ്രകടനം തന്നെയാണ് ക്രിസ്ത്യാനോ തുടരുന്നത്. അടുത്തിടെ ഈ വർഷത്തിൽ ബയേൺ സൂപ്പർതാരം ലെവൻഡോവ്സ്കിയെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാവാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.

ഈ വർഷത്തിൽ ഇനിയും മത്സരങ്ങളുണ്ടെങ്കിലും ഗോൾ നേടുന്ന കാര്യത്തിൽ ക്രിസ്ത്യാനോ തന്റെ ഫോമിൽ തന്നെ തുടരുകയാണ്. ഇതൊക്കെയാണ് അവസ്ഥയെങ്കിലും ക്രിസ്ത്യാനോയെ കൈവിടാനുള്ള നീക്കമാണ് യുവന്റസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ സ്‌പോർട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

എല്ലാ ക്ലബ്ബുകളെയും പോലെ യുവന്റസിനെയും കോവിഡ് വലിയ രീതിയിൽ തന്നെ അഗാധമുണ്ടാക്കിയതാണ് ഈ നീക്കത്തിന് പിന്നിലെ ചേതോവികാരം. സാമ്പത്തികമായി പ്രതിസന്ധിയിലുള്ള ക്ലബ്ബിനു 28 മില്യൺ യൂറോ വേതനം പറ്റുന്ന ക്രിസ്ത്യാനോ വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്നതാണ് വസ്തുത. മറ്റൊരു സൂപ്പർതാരമായ പൗലോ ദിബാലയെക്കാൾ മൂന്നിരട്ടി വേതനമാണ് ക്രിസ്ത്യാനോ കൈപ്പറ്റുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം താരങ്ങൾ തമ്മിലുള്ള ഈഗോ പ്രശ്നവും ക്രിസ്ത്യാനോയെ ക്ലബ്ബ് ഒഴിവാക്കുന്നതിലേക്ക് വഴിതെളിച്ചിട്ടുണ്ടെണ്ടന്നതാണ് മറ്റൊരു അഭ്യൂഹം. ഇക്കാര്യത്തിൽ താരത്തിനെതിരെ വിമർശനവുമായി പുതിയ പരിശീലകനായ പിർലോ തന്നെ രംഗത്തെത്തിയിരുന്നു. ലാസിയോയുമായുള്ള സമനിലക്ക് ശേഷമാണ് റൊണാൾഡോയെ പിർലോ വിമർശിച്ചത്. നേരത്തെ എതിരാളികളെ ഒതുക്കാവുന്ന പലമത്സരങ്ങളും ഈഗോ പ്രശ്‍നം മൂലം പോയിന്റ് കളഞ്ഞു കുളിക്കുകയാണെന്നു പിർലോ കുറ്റപ്പെടുത്തിയിരുന്നു. എന്തായാലും 2022 വരെ കരാറുള്ള താരത്തിനു പുതിയ കരാർ ഇനി യുവന്റസ് നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.