ആഴ്സനലിന്റെ പത്തിയിലടിച്ച് സൂപ്പർതാരത്തെ റാഞ്ചാൻ യുവന്റസ് ഒരുങ്ങുന്നു

Image 3
EPLFeaturedFootball

അടുത്ത സീസണിലേക്കായി ആഴ്സനൽ സ്ട്രൈക്കർ ലകസറ്റയെ ടീമിലെത്തിക്കാൻ യുവന്റസ് ശ്രമമാരംഭിച്ചതായി റിപ്പോർട്ടുകൾ. താരത്തിന്റെ ഏജന്റും യുവന്റസ് പ്രതിനിധികളും ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ10 സ്പോർട്സാണ് റിപ്പോർട്ടു ചെയ്തത്. ഹിഗ്വയ്നു പകരക്കാരനായാണ് യുവന്റസ് താരത്തിനു ശ്രമം നടത്തുന്നത്.

അൻപത്തിയഞ്ചു ദശലക്ഷം യൂറോയോളം മുടക്കിയാണ് ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നും ആഴ്സനൽ ലകസറ്റയെ ടീമിലെത്തിച്ചത്. എന്നാൽ ഇരുപത്തിയൊൻപതുകാരനായ താരത്തിന് ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായിട്ടില്ല. ഒരു വർഷത്തോളമായി പ്രീമിയർ ലീഗിൽ ഒരു എവേ മത്സരത്തിലും ഗോൾ നേടാൻ താരം പരാജയപ്പെടുകയാണ്.

2022 വരെ ആഴ്സനലുമായി കരാറുള്ള ലകസറ്റയെ അത്രയെളുപ്പം ലഭിക്കില്ലെന്ന് യുവന്റസിന് അറിയാമെങ്കിലും പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള താരത്തിനുള്ള താൽപര്യം അതിനു സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അതേ സമയം ലാലിഗ ക്ലബായ അറ്റ്ലറ്റികോ മാഡ്രിഡും യുവന്റസിനു വെല്ലുവിളിയുമായി താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്.

ഓബമയാങ്ങുമായി മികച്ച ബന്ധമുള്ള ലകസറ്റ ഗാബോൺ താരം ക്ലബ് വിട്ടാൽ സമാനമായ തീരുമാനത്തിലെത്താൻ സാധ്യതയുണ്ട്. അതേ സമയം ഫ്രഞ്ച് താരത്തിൽ തനിക്കു താൽപര്യമുണ്ടെന്നാണ് ആഴ്സനൽ പരിശീലകൻ അഭിപ്രായപ്പെട്ടത്.