‘കോള കുടിക്കാത്തത് മാത്രമല്ല’; റൊണാൾഡോയുടെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി സഹതാരം
യൂറോകപ്പിനിടെ കൊക്കകോളയല്ല, വെള്ളമാണ് തന്റെ ചോയ്‌സ് എന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ലോക ഫുട്ബോളിലെ തന്നെ ഫിറ്റ്നസിന്റെ ആൾരൂപമായ റൊണാൾഡോ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് കൊക്കക്കോളക്ക് തന്നെ വിപണിയിൽ ഭീമൻ നഷ്ടം വരുന്നതിന് പോലും ഇടയാക്കി. എന്നാൽ കോള ഉപേക്ഷിക്കുന്നത് മാത്രമാണോ റൊണാൾഡോയുടെ ആരോഗ്യരഹസ്യം? അല്ലെന്ന് വ്യക്തമാക്കുകയാണ് യുവന്റസിൽ റോണോയുടെ സഹതാരമായ ദോഡ പീറ്റേഴ്‌സ്.
തന്റെ മുപ്പത്തിയാറാം വയസ്സിലും റൊണാൾഡോ ‘കരുത്തനായി’ തുടരുന്നതിന്റെ രഹസ്യം കഠിനമായ ഭക്ഷണശീലവും, വ്യായാമവും ആണെന്നാണ് പീറ്റേഴ്‌സ് പറയുന്നത്. ക്രിസ്റ്റിയാനോ സ്ഥിരമായി കഴിക്കുന്നത് മൂന്ന് ഭക്ഷണം മാത്രമാണ്. അരി, ബ്രോക്കോളി, ചിക്കൻ എന്നിവ. വളരെ വിരളമായ അവസരങ്ങളിൽ ഒഴികെ താരം രുചികരമായ മറ്റുഭക്ഷണങ്ങളിൽ തൊട്ടുപോലും നോക്കാറില്ലെന്നാണ് പീറ്റേഴ്‌സ് പറയുന്നത്.
കൊക്കക്കോള പോലെയുള്ള ശീതളപാനീയങ്ങൾ തൊട്ടുപോലും നോക്കാത്ത താരം പച്ചവെള്ളമല്ലാതെ മറ്റെന്തെങ്കിലും കുടിക്കുന്നത് താൻ ഇന്നുവരെ കണ്ടിട്ടില്ലെന്നും പീറ്റേഴ്‌സ് സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം ശരീരസൗന്ദര്യം കൂട്ടുക എന്ന ഉദ്ദേശത്തോടെ മാത്രവുമല്ല റൊണാൾഡോ ഇതൊന്നും ചെയ്യുന്നതെന്നും, ഇതെല്ലാം തന്റെ കളിമികവ് മെച്ചപ്പെടുത്താൻ അത്യന്താപേക്ഷിതം ആണെന്ന് താരത്തിന് ഉത്തമ ബോധ്യമുണ്ടെന്നും പീറ്റേഴ്‌സ് കൂട്ടിച്ചേർക്കുന്നുണ്ട്.
മുപ്പത്തിയാറാം വയസ്സിലും യൂറോയിൽ മിന്നും ഫോമിലാണ് റൊണാൾഡോ. മൂന്നു മത്സരങ്ങളിൽ നിന്നായി അഞ്ചുതവണ വലകുലുക്കിയ താരം യൂറോയിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട്. പ്രീക്വർട്ടറിൽ ശക്തരായ ബെൽജിയത്തെ നേരിടുന്ന പറങ്കിപ്പടയുടെ മുഴുവൻ പ്രതീക്ഷയും റൊണാൾഡോയിലാണ്.