യുവേഫ ക്ലബ്ബ് റാങ്കിങ്,  റയൽ മാഡ്രിഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി യുവന്റസ് റാങ്കിങ്ങിൽ മുന്നോട്ട്

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കാനിരിക്കെ യുവേഫ പുതിയ ക്ലബ്ബ് റാങ്കിങ്  പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ആദ്യ രണ്ടു സ്ഥാനങ്ങളിൽ ജർമ്മൻ വമ്പന്മാരായ  ബയേൺ മ്യുണിക്കും രണ്ടാമത്  കാറ്റാലൻ വമ്പന്മാരായ ബാർസലോണയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ്‌ലീഗ് കിരീടനേട്ടവും ഇത്തവണ ഗ്രൂപ്പ്‌ ഘട്ടത്തിൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതും ബയേണിനെ ഒന്നാംസ്ഥാനത്തു നിലനിർത്തിയിരിക്കുകയാണ്.

ഗ്രൂപ്പ്‌ ഘട്ടത്തിൽ മികച്ച പ്രകടനത്തോടെ അടുത്ത റൗണ്ട് ഉറപ്പിച്ചതോടെ ബാഴ്സ രണ്ടാം സ്ഥാനത്തു  നിലയുറപ്പിച്ചിരിക്കുകയാണ്.എന്നാൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടിയിരിക്കുകയാണ്.ചാമ്പ്യൻസ്‌ലീഗിലെ മോശം അവസ്ഥയാണ് റയൽ മാഡ്രിഡിനെ നാലാം സ്ഥാനത്തേക്ക് തഴഞ്ഞിരിക്കുന്നത്. ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനു  ബൊറൂസിയ മൊഞ്ചെൻ ഗ്ലാഡ്ബാക്കുമായുള്ള  അവസാന ഗ്രൂപ്പ്‌  ഘട്ട മത്സരം നിർണായകമായിരിക്കുകയാണ്.

അഞ്ചാം സ്ഥാനത്തു മറ്റൊരു സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡാണുള്ളത്. ആദ്യ അഞ്ചിൽ ഇടം പിടിക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് സാധിച്ചിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി,പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്,സെവിയ്യ,ലിവർപൂൾ എന്നീ ക്ലബ്ബുകളാണ് ടോപ് 10 റാങ്കിങ്ങിലുൾപ്പെട്ടിട്ടുള്ളത്. യുവന്റസിനു ശേഷം ഇറ്റലിയിൽ നിന്നും  റോമ (18), നാപോളി(20), ഇന്റർ (25), അറ്റലാന്റ (30) എന്നീ ക്ലബ്ബുകളാണ് മികച്ച റാങ്കിങ് നേടിയിട്ടുള്ളത്.