അയാക്സിന്റെ പോൾ പോഗ്ബക്കായി യുണൈറ്റഡിനു വെല്ലുവിളിയുമായി യുവന്റസും രംഗത്ത്

ലോകഫുട്ബോളിന് നിരവധി യുവപ്രതിഭകളെ സമ്മാനിക്കുന്ന യൂത്ത് അക്കാഡമിയാണ് ഹോളണ്ട് ക്ലബ്ബായ അയാക്സിന്റേത്. അത്തരത്തിൽ ഉയർന്നു വരുന്ന യുവപ്രതിഭക്കു വേണ്ടി മത്സരിക്കുകയാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസും. അയാക്സിന്റെ പോൾ പോഗ്ബയെന്നു വിളിപ്പേരുള്ള ഡച്ച് യുവതാരം റയാൻ ഗ്രേവൻബെർച്ചിന് വേണ്ടിയാണു ഈ യൂറോപ്യൻ വമ്പന്മാർ നേർക്കു നേർ വരുന്നത്.
വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള ഗ്രേവൻബെർച്ചിന് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം പോൾ പോഗ്ബയുടെ കളിശൈലിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസൺ പകുതിയിലാണ് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ് ഈ യുവപ്രതിഭയെ ഫസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്തിയത്. അതിനു ശേഷം മികച്ച പ്രകടനം തുടർന്ന താരം ഇപ്പോൾ അയാക്സിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്.
https://twitter.com/MediaFbi/status/1328300798153953280?s=19
പ്രീമിയർ ലീഗ് വമ്പന്മാരായ യുണൈറ്റഡാണ് താരത്തിനായി ആദ്യം രംഗത്തെത്തിയതെങ്കിലും ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും താരത്തിനായി ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് അറിയാനാകുന്നത്. യുവന്റസിലേക്ക് യുവപ്രതിരോധതാരം ഡി ലിറ്റിന്റെ ഏജന്റായ മിനോ റിയോളയാണ് ഗ്രേവൻബെർച്ചിന്റെയും ഏജന്റ് എന്നതാണ് യുവന്റസിനു കൂടുതൽ അനുകൂലമാകുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്നത്.
അയാക്സിനായി നിലവിൽ 23 മത്സരങ്ങൾ കളിച്ച ഗ്രേവൻബെർച്ച് നാലു ഗോളുകളും മൂന്നു അസിസ്റ്റുകളും നേടിയിട്ടുണ്ട്. പോൾ പോഗ്ബ ക്ലബ്ബ് വിടാനുള്ള സാദ്ധ്യതകളേറുന്ന സാഹചര്യത്തിൽ പകരക്കാരനായാണ് യുണൈറ്റഡ് ഗ്രേവൻബെർച്ചിനെ ലക്ഷ്യമിടുന്നത്. എന്നാൽ മിനോ റിയോളയുമായി മികച്ച ബന്ധം പുലർത്തുന്ന യുവന്റസ് കൂടി രംഗത്തെത്തിയതോടെ താരത്തിനായി മികച്ച പോരാട്ടം തന്നെ നടക്കുമെന്നുറപ്പായിരിക്കുകയാണ്.