ക്രിസ്ത്യാനോ യുവന്റസ് വിടുമോ? അഭ്യൂഹങ്ങളെക്കുറിച്ച് യുവന്റസ് ചീഫ് പറയുന്നു

Image 3
FeaturedFootballSerie A

യുവന്റസിനായി മികച്ച പ്രകടനം തുടരുകയാണെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കോവിഡ് മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായ യുവന്റസ് മുപ്പത് മില്യൺ യൂറോക്കടുത്ത് ഒരു സീസണിൽ വാങ്ങിക്കുന്ന ക്രിസ്ത്യാനോയെ വിറ്റൊഴിവാക്കി സാമ്പത്തികഭദ്രത ഉറപ്പുവരുത്താൻ ശ്രമിച്ചേക്കുന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഈ അവസരം മുതലെടുത്തു വമ്പന്മാർ ക്രിസ്ത്യാനോക്ക് പിറകിലുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിഎസ്‌ജിയാണ് താരത്തിനായി മുൻപിലുണ്ടെന്നു പറയപ്പെടുന്ന ഏക ക്ലബ്ബ്. ഒപ്പം റൊണാൾഡോ റയലിലേക്കുള്ള തിരിച്ചു വരവിനു ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. റയൽ മാഡ്രിഡിനോട് തിരിച്ചു വരവുമായി ബന്ധപ്പെട്ട സാദ്ധ്യതകൾ ക്രിസ്ത്യാനോ ആരാഞ്ഞുവെന്നാണ് അഭ്യൂഹങ്ങൾ.

നിലവിൽ 2022 വരെയാണ് റൊണാൾഡോക്ക് കരാർ നിലവിലുള്ളത്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസിന്റെ സ്പോർട്ടിങ് ചീഫായ ഫാബിയോ പരറ്റീചി. കാഗ്ലിയാരിയുമായുള്ള ലീഗ് മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് പരറ്റീചി ക്രിസ്ത്യാനോയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.

“അവന്റെ ഭാവി ഞങ്ങളുടെയൊപ്പമാണുള്ളത്. എനിക്കത് നിങ്ങൾക്ക് ഉറപ്പു നൽകാനാവും. ദിവസവും നിങ്ങൾക്ക് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നിങ്ങൾക്ക് കാണാനാകും.നിരവധി താരങ്ങൾ നിരവധി ക്ലബ്ബുകളുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾ. ഞങ്ങൾ അതു ശ്രദ്ദിക്കാറില്ല.” പരറ്റീചി കാഗ്ലിയാരി മത്സരത്തിനു വ്യക്തമാക്കി. മത്സരത്തിൽ ക്രിസ്ത്യാനോ ഇരട്ട ഗോൾ പ്രകടനത്തിലൂടെ യുവന്റസിനു വിജയം സമ്മാനിച്ചിരുന്നു.