റോണോ യുവന്റസ് വിടുമോ?, ക്ലബ് മേധാവിയുടെ വെളിപ്പെടുത്തല്‍

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനത്തിലൂടെ യുവന്റസ് വിജയം നേടാനായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യം ലിയോണിന് ക്വാർട്ടറിലേക്ക് യോഗ്യത നേടിക്കൊടുക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ നിന്ന് കിട്ടേണ്ട പിന്തുണ കിട്ടാത്തതിൽ താരം നിരാശനാണ് എന്ന റിപ്പോർട്ടുകൾക്ക് പ്രതികരിച്ചിരിക്കുകയാണ് യുവന്റസ് ചീഫ് ആന്ദ്രേ ആഗ്നെല്ലി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുമെന്നുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ പ്രചാരം നേടാനായുള്ള തന്ത്രങ്ങളാണെന്നും റൊണാള്‍ഡോ യുവന്റസില്‍ തന്നെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായും ക്ലബ് മേധവി പറയുന്നു.

ലിയോണിനെതിരായ മത്സരത്തിന് മുന്‍പായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ട് പിഎസ്ജിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റൂമറുകള്‍ പരന്നത്. എന്നാല്‍ കോവിഡ് ആ നീക്കം തകര്‍ത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനോട് പ്രതികരിക്കുകയായിരുന്നു യുവന്റസ് മേധാവി.

“എനിക്ക് അദ്ദേഹത്തെ പൂർണ്ണമായും ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബിൽ തന്നെ തുടരും. എന്റെ അഭിപ്രായത്തിൽ കുറെ മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അഭ്യൂഹങ്ങൾ വന്നതെന്നാണ്. പക്ഷെ അത് അവർ പുറത്ത് വിട്ടത് ലിയോണിനെതിരായ മത്സരത്തിന് മുന്നോടിയായാണ്. ഇതൊരു മാധ്യമതന്ത്രം മാത്രമാണ്.”

“തീർച്ചയായും യുവന്റസിന്റെ നെടുംതൂണാണ് റൊണാൾഡോയെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഇതൊരു ബുദ്ദിമുട്ടേറിയ ചാമ്പ്യൻസ് ലീഗായിരുന്നു. പക്ഷെ ഈ സീസണിൽ തുടർച്ചയായ ഒൻപതാം സിരി എയും നേടികൊണ്ട് ഞങ്ങൾ ചരിത്രം കുറിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് തീർച്ചയായും ഞങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് ഞങ്ങളുടെ സ്വപ്നമാണ്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ കൂടെയുണ്ട്. അത് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിട്ടും യുവന്റസിന് മുന്നേറാൻ സാധിച്ചില്ലയെന്നത് വേദനാജനകമാണ്” അദ്ദേഹം വ്യക്തമാക്കി.

You Might Also Like