പ്രീമിയർ ലീഗിലെ ബീസ്റ്റിനെ സ്വന്തമാക്കാൻ മത്സരിച്ച് യുവന്റസും മാഞ്ചസ്റ്റർ സിറ്റിയും

ഈ സീസണിലെ പ്രീമിയർ ലീഗിൽ താരമായി ഉയർന്നു വന്ന അഡമ ട്രയോറയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും തമ്മിൽ മത്സരിക്കുന്നു. വോൾവറാംപ്ടണിന്റെ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെയും സീരി എയിലെയും മുൻനിര ക്ലബുകൾ മത്സരിക്കുന്ന വിവരം പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്നാണു പുറത്തു വിട്ടത്.

ഈ സീസണിൽ വോൾവ്സ് ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയില്ലെങ്കിൽ ട്രയോറെ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏതെങ്കിലും ക്ലബിലേക്കു ചേക്കേറാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുതലെടുത്ത് വിങ്ങറെ ടീമിലെത്തിക്കാനാണ് യുവന്റസിന്റെ കണക്കുകൂട്ടൽ. എന്നാൽ സാനേക്കു പകരക്കാരനെ തേടുന്ന സിറ്റി അവർക്കു വെല്ലുവിളിയാണ്.

ഈ സീസണിൽ നാലു ഗോളും ഒൻപതു അസിസ്റ്റുമാണ് മുൻ ബാഴ്സലോണ താരം സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ്ത്യാനോ റൊണാൾഡോ, ഡഗ്ലസ് കോസ്റ്റ, ഹിഗ്വയ്ൻ എന്നിങ്ങനെ മിനിമം ഇരുപത്തിയൊൻപതു വയസിൽ കൂടുതൽ പ്രായമുള്ള താരങ്ങൾ നിറഞ്ഞ യുവന്റസ് മുന്നേറ്റ നിരക്ക് ഇരുപത്തിനാലുകാരനായ ട്രയോറയുടെ സാന്നിധ്യം അത്യാവശ്യമാണ്.

എന്നാൽ ട്രയോറക്ക് മൂന്നു വർഷം കരാർ ബാക്കിയുള്ളതു കൊണ്ടും വോൾവ്സിന് മികച്ച സാമ്പത്തിക സ്ഥിതിയുള്ളതു കൊണ്ടും ട്രയോറക്കു വേണ്ടി വൻതുക ക്ലബുകൾ മുടക്കേണ്ടി വരും. അസാമാന്യ വേഗതയും മികച്ച ഡ്രിബ്ലിങ്ങ് ശേഷിയുമുള്ള താരത്തിന് എൺപതു ദശലക്ഷം യൂറോയിലധികമാണ് മൂല്യം കൽപിക്കുന്നത്.

You Might Also Like