സുവാരസ് ക്രിസ്ത്യാനോക്കൊപ്പം കളിച്ചേക്കും, യുവന്റസ്-ബാഴ്‌സ ചർച്ചകൾ അവസാനഘട്ടത്തിൽ

സൂപ്പർ താരം ലൂയിസ് സുവാരസ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്ക് ചേക്കേറുമെന്നു ഒരു വിധം ഉറപ്പായിരിക്കുകയാണ്. ബാഴ്സയും യുവന്റസും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലെത്തിയെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ട്. താരത്തിന്റെ ഇറ്റാലിയൻ പാസ്പോർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായാലുടൻ ഇരുക്ലബുകളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും സ്പോർട്ട് വ്യക്തമാക്കുന്നു.
വളരെ സൗഹൃദപരമായ ചർച്ചകളാണ് ഇരുക്ലബുകൾക്കിടയിലും നടന്നതെന്നും സുവാരസുമായുള്ള വ്യക്തിപരമായ നിബന്ധനകൾ യുവന്റസ് മുമ്പേ അംഗീകരിച്ചിട്ടുണ്ടെന്നും സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. റാക്കിറ്റിച്ചിന്റേതിന് സമാനമായ ട്രാൻസ്ഫറായിരിക്കും സുവാരസിന്റേതുമെന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞ ട്രാൻസ്ഫർ ഫീ മാത്രമാണ് ബാഴ്സക്ക് യുവന്റസിൽ നിന്നും ഈ വില്പനയിൽ ലഭിക്കുകയൊള്ളൂ. താരത്തിന്റെ പ്രകടനം അനുസരിച്ചുള്ള അധികവേതനങ്ങളാണ് ബാഴ്സക്ക് ലഭിക്കുക.
Juventus and Barça are sorting the final details on Luis Suárez's transferhttps://t.co/56PytS4biu
— SPORT English (@Sport_EN) September 8, 2020
സുവാരസിന് തരക്കേടില്ലാത്ത ശമ്പളവും ബാഴ്സക്ക് ചെറിയൊരു ട്രാൻസ്ഫർ ഫീയുമാണ് യുവന്റസ് ഓഫർ ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിലാണ് സുവാരസ് യുവന്റസുമായി ഒപ്പുവെച്ചേക്കുക. കൂടാതെ അധികമായി ഒരു വർഷത്തെ ഓപ്ഷൻ കൂടിയുണ്ട്. 6.5 മില്യൺ യുറോയായിരിക്കും താരത്തിന്റെ ശമ്പളം.
ഒപ്പം ബോണസായി കിട്ടുന്നതും കൂടി ഒരു സീസണിൽ പത്ത് മില്യൺ യൂറോ വരെ താരത്തിന് ലഭിച്ചേക്കും. നിലവിൽ ട്രാൻസ്ഫറിന് തടസ്സമാകുന്നത് താരത്തിനു ഇറ്റാലിയൻ പാസ്പോർട്ടില്ലെന്നതാണ്. പാസ്പോർട്ട് ലഭിക്കണമെങ്കിൽ ബി വൺ പരീക്ഷ കൂടി വിജയിക്കേണ്ടതുണ്ട്. ഇത് പൂർത്തിയായാൽ സുവാരസിന് ഇറ്റലിയിലേക്ക് ചേക്കേറാം. സെപ്റ്റംബർ പതിനാറ് അല്ലെങ്കിൽ ഇരുപത്തിമൂന്ന് തീയതികളിൽ സുവാരസിന് ഈ ടെസ്റ്റ് എടുക്കാമെന്നാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.