താരങ്ങളെ വാങ്ങിക്കൂട്ടുന്നത് വലിയ കാര്യമല്ല, ചെല്‍സിയ്ക്കും സിറ്റിക്കും ചുട്ടമറുപടിയുമായി ക്ലോപ്പ്
ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചത് പ്രീമിയർ വമ്പന്മാരായ ചെൽസിയാണ്. ഹാക്കിം സിയെച്ച്, ടിമോ വെർണർ, തിയാഗോ സിൽവ, മലാങ് സാർ, ബെൻ ചിൽവെൽ എന്നീ സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ ലംപാർഡ് ഹാവെർട്സിനെക്കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ എസി മിലാന്റെ ഡൊണാരുമയെക്കൂടി ചെൽസി നോട്ടമിട്ടിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയും ഇത്തരത്തിൽ കൂടുതൽ താരങ്ങളെ വാങ്ങിയ ടീമാണ്. എന്നാൽ ഇരുടീമുകൾക്കും ഇപ്പോൾ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ചതു കൊണ്ടു കാര്യമില്ലെന്നും അനുയോജ്യമായ താരങ്ങളെ വെച്ച് ഒരു ടീം നിർമിച്ചെടുക്കലാണ് മുഖ്യമെന്നാണ് ക്ലോപ്പിന്റെ പക്ഷം. കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിന് മുന്നോടിയായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ക്ലോപ്പ്.
“It’s not about how many players anyone will sign", says Jurgen Klopp.
— Mirror Football (@MirrorFootball) August 28, 2020
✍️ | @MirrorAnderson https://t.co/lYp3gD6ZbA
” എത്ര താരങ്ങളെ വാങ്ങുന്നു എന്നതിൽ കാര്യമില്ല. കാരണം എത്ര പേരെ ടീമിലെത്തിച്ചാലും പതിനൊന്ന് പേർക്ക് മാത്രമേ കളിക്കാനാവൂ. പകരം അനുയോജ്യരായ താരങ്ങളെ കണ്ടെത്തി മികച്ച ഒരു ടീം നിർമിക്കുകയാണ് ചെയ്യേണ്ടത്. അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷെ അതിനാണ് നിങ്ങൾ പ്രാധാന്യം നൽകേണ്ടത്. ഞാൻ ഒരിക്കലും എല്ലാവരെയും തൃപ്തരാക്കുന്ന രീതിയിൽ കുറെ താരങ്ങളെ വാങ്ങിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.”
“കാരണം ഒരു താരത്തെ വാങ്ങിയാൽ മറ്റൊരു താരത്തെ കൂടി ആവശ്യപ്പെടും. അത് തുടർന്നു കൊണ്ടിരിക്കും. ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ യുക്തിക്കനുസരിച്ച് ഒരു ഉചിതമായ ടീം ഉണ്ടാക്കുക എന്നതാണ്.” ക്ലോപ്പ് അഭിപ്രായപ്പെട്ടു. ഇന്ന് ആഴ്‌സനലിനെ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ക്ലോപ്പും സംഘവും.