ബ്രസീൽ ടീമിൽ എന്തുകൊണ്ട് 24ആം നമ്പറില്ല; 48 മണിക്കൂറിനകം വിശദീകരിക്കണമെന്ന് കോടതി ഉത്തരവ്
ബ്രസീൽ ടീമിൽ ആരും 24ആം നമ്പർ ജേഴ്‌സി ധരിക്കാത്തത് എന്തുകൊണ്ടാണെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ 48 മണിക്കൂറിനകം വിശദീകരിക്കണമെന്ന് കോടതി. 24ആം നമ്പർ ബ്രസീലിൽ സ്വർഗാനുരാഗികളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്നതാണെന്നും, അതിനാലാണ് ടീമിൽ ആരും നമ്പർ തിരഞ്ഞെടുക്കാത്തതെന്നും കാണിച്ചു നൽകിയ പരാതിയിലാണ് നടപടി.
സ്വർഗാനുരാഗികൾ അനുഭവിക്കുന്ന മാറ്റിനിർത്തലുകളുടെ ഭാഗമായാണ് ബ്രസീൽ ടീമിൽ ആരും 24ആം നമ്പർ ജേഴ്സി ധരിക്കാത്തതെന്ന് കാണിച്ച് ബ്രസീലിലെ പ്രമുഖ LGBT ഗ്രൂപ്പായ റെയിൻബോ സിറ്റിസൺസ് ആണ് കോടതിയെ സമീപിച്ചത്. വമ്പൻ താരനിരയെ കോപ്പയിൽ അണിനിരത്തിയ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ എന്നാൽ മറ്റു ഒൻപത് ടീമുകളിൽ നിന്നും വ്യത്യസ്തമായി 24ആം നമ്പർ ജേഴ്‌സി കളിക്കാർക്ക് ആർക്കും നൽകിയില്ല.
തീരുമാനം സ്വർഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട് മനപ്പൂർവം എടുത്തതാണോ എന്ന് വിശദീകരിക്കാനാണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനോട് റിയോ ഡി ജനീറോ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, മത്സരങ്ങളിൽ കളിക്കാർക്ക് ജേഴ്‌സി നമ്പറുകൾ അനുവദിക്കുന്നതിലെ മാനദണ്ഡം എന്താണെന്നും, ആരാണ് ഇത് തീരുമാനിക്കുന്നത് എന്നും വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.
ബ്രസീലിൽ നിയമവിരുദ്ധമായി നടത്തപ്പെടുന്ന ഒരുതരം ചൂതാട്ടത്തിലെ മാനിന്റെ നമ്പറാണ് 24. കളിയിൽ ഇത് സ്വർഗാനുരാഗ സ്വഭാവമുള്ളതുമാണ്. അതിനാൽ 24 നമ്പർ ജേഴ്‌സി അണിയാൻ നേരത്തെയും ബ്രസീൽ താരങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.