ഒരു വിളി വന്നാല്‍ എല്ലാം ഉപേക്ഷിച്ച് ഞാന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി വരും, തുറന്ന് പറഞ്ഞ് ആ സൂപ്പര്‍ താരം
ഐഎസ്എല്ലില്‍ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ് കേരള ബ്ലാസറ്റേഴ്‌സില്‍ നിന്നും ഒരു വിളിയും പ്രതീക്ഷിച്ച് ഒരു താരം അങ്ങ് സ്‌പെയിനിലിരിപ്പുണ്ട്. അത് മറ്റാരുമല്ല രണ്ട് സീസണ്‍ മാത്രം ബ്ലാസ്റ്റേഴ്‌സിനായി കളിച്ച് ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഹോസു പ്രിറ്റോ ആണത്.
ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായിമയായ മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുമായി സംവദിക്കാനെത്തിയപ്പോഴാണ് ഹോസു മനസ്സ് തുറന്നത്. പ്രമുഖ അവതാരക കുറി ഇറാനിയുമായിട്ടായിരുന്നു ഹോസു സംവദിച്ചത്.
ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് പറയുന്ന യുവതാരം ഒരു വിളി ലഭിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സി വീണ്ടും അണിയുമെന്നും ഹോസു തുറന്ന് പറയുന്നു. ആ അഭിമുഖം കാണാം
ഐ എസ് എല്‍ രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്ന ഹോസു ആരാധകരുടെ പ്രിയ താരമാണ്. മൂന്നാം സീസണില്‍ കൊമ്പന്മാര്‍ ഐ എസ് എല്‍ ഫൈനല്‍ വരെ എത്തിയതില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാളാണ് ഹോസു. ഇടത് ലെഫ്റ്റ്-ബാക്ക് സ്ഥാനത്ത് താരം കാഴ്ച വെച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിന് പല മത്സരങ്ങളിലും നിര്‍ണ്ണായകമായിരുന്നു.
ലാ മാസിയ അക്കാദമി താരമായ ഹോസു നാലാം സീസണിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, താരത്തെ ക്ലബ് നിലനിറുത്തിയിരുന്നില്ല.
സ്പാനിഷ് മൂന്നാം ഡിവിഷനായ സെഗുണ്ട ബിയില്‍ കളിക്കുന്ന സി എഫ് പെരലാഡാ എന്ന ക്ലബിന് വേണ്ടിയാണ് 27 വയസ്സുള്ള താരം അവസാനമായി ബൂട്ടണിഞ്ഞിട്ടുള്ളത്.