അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി റോണോയുടെ നാട്ടുകാരന്‍, കളിക്കുന്നത് ഇതിഹാസ ടീമില്‍

സജേഷ് അരവന്‍കര

ഒരു രാജ്യത്തിന്റെ പാരമ്പര്യമോ, സംസ്‌കാരമോ ആയി ബന്ധമില്ലാത്ത പേരുകള്‍ കണ്ടാല്‍ അയാളാരാണെന്ന് തേടിപ്പിടിക്കുന്നത് ഭയങ്കര രസള്ള ഏര്‍പ്പാടാണ്. ഈ ഫോട്ടോയില്‍ കാണുന്നത് ജോഷ്വാ ഡാ സില്‍വ. ഇന്ന് ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി അരങ്ങേറി. 22കാരന്‍ വിക്കറ്റ് കീപ്പറാണ്. പേര് കേട്ടപ്പൊ ശ്രീലങ്കന്‍ വംശജനാണെന്നാണ് കരുതിയത്. അല്ല, പോര്‍ച്ചുഗീസ് വംശജനാണ്. (ശ്രീലങ്കയും, ബ്രസീലും, ഗോവയുമൊക്കെ ഒരുകാലത്ത് പോര്‍ച്ചുഗീസ് കോളനിയായിരുന്നല്ലൊ. ഇവിടെയൊക്കെ കുറെ ‘സില്‍വ’ കാണാം.)

വെസ്റ്റ് ഇന്‍ഡീസില്‍ ജനിച്ച് ആ രാജ്യത്തിന് വേണ്ടി കളിക്കുന്ന വെളുത്ത വര്‍ഗക്കാരായ താരങ്ങള്‍ വളരെ വളരെ അപൂര്‍വമാണ്. പണ്ട് കാലത്ത് ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമെല്ലാം കുടിയൊഴിക്കപ്പെട്ട്, വിന്‍ഡീസ് ദീപ സമൂഹങ്ങളില്‍ അടിമകളാക്കപ്പെട്ട ആളുകളുടെ പിന്മുറക്കാരാണല്ലോ അവിടെയുള്ളത്. അതുകൊണ്ടുതന്നെ വെളുത്ത വര്‍ഗക്കാര്‍ വളരെ ചുരുക്കമാണ്.

എന്തായാലും ആള് ട്രിനിഡാഡിലാണ് ജനിച്ചത്. 1973ല്‍ ജെഫ് ഗ്രീനിഡ്ജാണ് വിന്‍ഡീസ് ടീമില്‍ അവസാനമായി ടെസ്റ്റ് കളിച്ച വെളുത്ത വര്‍ഗക്കാരന്‍. അതിന് ശേഷമാണ് ജോഷ്വാ വരുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ജോഷ്വാ വിന്‍ഡീസിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിരുന്നു. അതിന് പിന്നാലെയാണ് ഏകദിന ജേഴ്സി. 2008 ബ്രന്‍ഡന്‍ നാഷ് വിന്‍ഡീസ് ജേഴ്സിയില്‍ കളിച്ചിരുന്നു. അദ്ദേഹം വെളുത്ത വര്‍ഗക്കാരനായിരുന്നു. എന്നാല്‍ ഗ്രീനിഡ്ജിനേയോ ജോഷ്വായെ പോലെയോ അല്ല, നാഷ് ജനിച്ചത് ഓസ്ട്രേലിയയില്‍ ആയിരുന്നു. പിന്നീട് ഇങ്ങോട്ടേക്ക് കുടിയേറി.

ജോഷ്വാ പോര്‍ച്ചുഗീസ് വേരുകളുള്ള ആളാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ഓസീസ് താരം മൊയ്സ്സ് ഹെന്റിക്വെസിന്റെയും നാടായ മെദീരയില്‍ നിന്ന്. ഇയാളുടെ അമ്മ കാനഡയില്‍ നിന്ന്. അച്ഛന്‍ ട്രിനിഡാഡിലാണ് ജനിച്ചതെങ്കിലും കുടുംബം മെദീരയില്‍ നിന്നുള്ളവരാണ്.

19th, 20th നൂറ്റാണ്ടുകളില്‍ മെദീരയില്‍ നിന്ന് ഒരുപാട് പേര്‍ നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറി. അങ്ങനെയാണ് ജോഷ്വായുടെ ഫാമിലി ട്രിനിഡാഡിലെത്തുന്നത്. ജോഷ്വായെ കാനഡ ടീമിലേക്ക് ക്ഷണം കിട്ടിയിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്‌

You Might Also Like