റയൽ മാഡ്രിഡ്‌ സൂപ്പർതാരത്തിൽ കണ്ണുവെച്ച് വീണ്ടും മൗറീഞ്ഞോ, പ്രതിരോധം ശക്തമാക്കാനൊരുങ്ങുന്നു

റയൽ മാഡ്രിഡിൽ സിദാനു കീഴിൽ അവസരം കിട്ടാതെ വിഷമിക്കുന്ന ബ്രസീലിയൻ പ്രതിരോധ താരമാണ് എഡർ മിലിറ്റാവോ. റയൽ മാഡ്രിഡിൽ റാഫേൽ വരാനും സെർജിയോ റാമോസും മികച്ച പ്രകടനം തുടരുന്നതാണ് സിനദിൻ സിദാനു പ്രതിരോധനിരയിൽ മിലിറ്റാവോക്ക് അവസരം നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. റാമോസിന്റെ അഭാവത്തിൽ നൽകിയ അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനാവാഞ്ഞതും തിരിച്ചടിയാവുകയായിരുന്നു.

എന്നാൽ റയൽ മാഡ്രിഡിന്റെ കയ്യൊഴിയലുകളായ ഗാരെത് ബെയ്ലിനും സെർജിയോ റെഗ്വിലോണിനും പിന്നാലെ അവസരങ്ങൾ കുറഞ്ഞ എഡർ മിലിറ്റാവോവെയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്ട്സ്പർ. റൈറ്റ് ബാക്കായും സെന്റർ ബാക്കായും ഒരുപോലെ കളിക്കാനാവുമെന്ന വൈവിധ്യതയാണ് ഹോസെ മൗറിഞ്ഞോയുടെ ശ്രദ്ധ താരത്തിൽ പതിയാനുള്ള പ്രധാനകാരണം.

2019 സമ്മർ ട്രാൻസ്ഫറിലാണ് പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയിൽ നിന്നും എഡർ മിലിറ്റാവോയെ റയൽ മാഡ്രിഡ്‌ 43 മില്യൺ പൗണ്ടിനു സ്വന്തമാക്കുന്നത്. അതിനു ശേഷം വെറും 15 മത്സരങ്ങൾ മാത്രമാണ് താരത്തിനു റയൽ മാഡ്രിഡിൽ കളിക്കാനായിട്ടുള്ളത്. സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്‌ താരത്തെ വിട്ടു നൽകാൻ തയ്യാറാണെന്നാണ് അറിയാനാകുന്നത്.

എന്നാൽ താരത്തിനായി നൽകിയ 43 മില്യൺ പൗണ്ട് ലഭിച്ചാൽ താരത്തിനെ വിട്ടു നൽകുകയുള്ളുവെന്നാണ് റയലിന്റെ തീരുമാനം. എന്തായാലും മികച്ച പ്രതിരോധനിരയെ പടുത്തുയർത്താൻ ശ്രമിക്കുന്ന ജോസെ മൗറിഞ്ഞോ മിലിട്ടാവോയുടെ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയൽ മാഡ്രിഡിൽ അവസരം കുറഞ്ഞതോടെ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് താരം.

You Might Also Like