രാജസ്ഥാന്‍ ഓപ്പണര്‍മാരെ പ്രഖ്യാപിച്ച് കൊല്‍ക്കത്തന്‍ നായകന്‍, സര്‍പ്രൈസ്

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനായി ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ജോസ് ബട്ലറും ബെന്‍ സ്റ്റോക്‌സുമാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഇംഗ്ലണ്ടിന്റെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും നായകനായ ഓയിന്‍ മോര്‍ഗന്‍. സ്‌കൈ സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മോര്‍ഗന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബട്ലറെയും സ്റ്റോക്‌സിനെയും പോലുള്ള കളിക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും അവസരങ്ങളും ലഭിക്കുമ്പോഴാണ് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കയെന്നും മോര്‍ഗന്‍ കരുതുന്നു.
ഒരു ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് ഇറങ്ങിയാല്‍ അത് കാണാനുള്ള കളിയായിരിക്കും. പക്ഷെ എതിര്‍ ടീം നായകനെന്ന നിലയില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. രാജസ്ഥാനായി ഓപ്പണ്‍ ചെയ്താലും ഇംഗ്ലണ്ട് നിരയില്‍ സ്റ്റോക്‌സിന് മധ്യനിരയില്‍ തന്നെയാവും സ്ഥാനമെന്നും മോര്‍ഗന്‍ പറഞ്ഞു.
ഇംഗ്ലണ്ട് നിരയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ കളിക്കാന്‍ നിരവധി താരങ്ങളുണ്ട്. അവസാന 10 ഓവറുകളിലാണ് മത്സരങ്ങളിലെ ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ആദ്യ പത്തോവറിലല്ലെന്നും മോര്‍ഗന്‍ പറഞ്ഞു.
ഏപ്രില്‍ ഒന്‍പതിനാണ് ഐപിഎല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെയാകും നേരിടുക.