പതിനൊന്നു വർഷത്തെ കരിയറിന് അവസാനം, ബുസ്‌ക്വറ്റ്‌സിന് പിന്നാലെ ജോർദി ആൽബയും ബാഴ്‌സലോണ വിടുന്നു

ഒന്നിനു പുറകെ ഒന്നായി ബാഴ്‌സലോണയുടെ വെറ്ററൻ താരങ്ങൾ ക്ലബിൽ നിന്നും വിടപറയുന്ന കാഴ്‌ചയാണ്‌ ഈ സീസണിൽ കാണാൻ കഴിയുന്നത്. ആദ്യം സീസണിനിടയിൽ ജെറാർഡ് പിക്വ ക്ലബ് വിട്ടതിനു ശേഷം സെർജിയോ ബുസ്‌ക്വറ്റ്സ് ഈ സീസണു ശേഷം ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ലെഫ്റ്റ് ബാക്കായ ജോർഡി ആൽബയും ബാഴ്‌സലോണ വിടാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പതിനൊന്നു വർഷം നീണ്ട ബാഴ്‌സലോണ കരിയർ അവസാനിപ്പിച്ചാണ് ജോർദി ആൽബ ബാഴ്‌സലോണ വിടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ കരിയറിനിടയിൽ സാധ്യമായ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള ജോർദി ആൽബ ക്ലബ് വിടുമ്പോൾ തന്റെ പ്രതിഫലം വേണ്ടെന്നു വെച്ചുവെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു.

ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായ ജോർദി ആൽബ വലൻസിയയിൽ നിന്നുമാണ് ക്ലബ്ബിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ടീമിന്റെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഒരു പതിറ്റാണ്ട് നിറഞ്ഞു നിന്ന താരത്തിന് ഈ സീസണിൽ അവസരങ്ങൾ പരിമിതമായിരുന്നു. അലസാൻഡ്രോ ബാൾഡേ മികച്ച പ്രകടനം നടത്തി ആൽബയുടെ അവസരങ്ങൾ പരിമിതമാക്കി.

ആൽബ ക്ലബ് വിടുന്നതോടെ ലയണൽ മെസി തിരിച്ചു വരാനുള്ള സാധ്യതകൾ വർധിച്ചുവെന്ന സൂചനകളുമുണ്ട്. നിലവിൽ ബാഴ്‌സലോണയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ആൽബ പോകുന്നത് വേതനബിൽ കുറക്കാൻ സഹായിക്കും. ഇതിലൂടെ ലയണൽ മെസിയുടെ തിരിച്ചുവരവിനു അടിത്തറ പാകാം. അതേസമയം ആൽബ ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ബാഴ്‌സലോണക്കായി 458 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ജോർദി ആൽബ 27 ഗോളുകൾ നേടുകയും 99 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. പതിനെട്ടു കിരീടങ്ങൾ ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയതിന് ആറു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു. സ്പെയിനോപ്പം 2012ലെ യൂറോ കപ്പും താരം നേടിയിട്ടുണ്ട്.

You Might Also Like