ഇന്ത്യൻ ഫുട്ബോൾ മേധാവികൾ കണ്ണു തുറന്നു കാണുക, ഏഷ്യൻ കപ്പിൽ അവിശ്വസനീയ കുതിപ്പുമായി ജോർദാൻ

Image 3
Football News

ഏഷ്യൻ കപ്പ് ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് കഴിഞ്ഞ ദിവസം ജോർദാൻ നടത്തിയത്. ടോട്ടനം ഹോസ്‌പർ താരമായ ഹ്യുങ് മിൻ സോൺ അടക്കമുള്ളവർ കളിക്കുന്ന, കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ച ക്ലബുകളിൽ ഒന്നായ സൗത്ത് കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ചരിത്രത്തിൽ ആദ്യമായി ജോർദാൻ ഏഷ്യൻ കപ്പിന്റെ ഫൈനലിൽ കടന്നു.

ഫിഫ റാങ്കിങ്ങിൽ എണ്പത്തിയേഴാം സ്ഥാനത്തുള്ള ജോർദാന്റെ ഈ മുന്നേറ്റം ഇന്ത്യൻ ഫുട്ബോളിനും അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവർക്കും വലിയൊരു പാഠമാണ്. ജോർദാനും ഇന്ത്യയും തമ്മിൽ ഡിഫ റാങ്കിങ്ങിൽ വെറും പതിനഞ്ചു സ്ഥാനങ്ങളുടെ വ്യത്യാസം മാത്രമാണുള്ളത്. ജോർദാൻ ഫൈനൽ കളിക്കുമ്പോൾ ഇന്ത്യ ഒരു ഗോൾ പോലും നേടാനാകാതെ ടൂർണമെന്റിൽ നിന്നും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

ഫുട്ബോളിൽ റാങ്കിങ്ങിന് പ്രാധാന്യമില്ലെന്നും നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ ഏതൊരു ടീമിനും മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും ജോർദാൻ തെളിയിച്ചു. ഇന്ത്യൻ ഫുട്ബോളിന് ഇപ്പോൾ ആവശ്യമുള്ളതും ഇതുപോലെ കൃത്യമായ പ്രവർത്തനങ്ങളാണ്. ഒരു ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ട് അതിനു വേണ്ടി പ്രവർത്തിച്ചാൽ ഇന്ത്യൻ ഫുട്ബോളിനും മുന്നേറ്റമുണ്ടാക്കാൻ കഴിയും.

ഒരു കോടിയിലധികം ആളുകൾ മാത്രം താമസിക്കുന്ന ജോർദാൻ ഇത്രയും മുന്നേറ്റമുണ്ടാക്കിയെങ്കിൽ 140 കോടിയിലധികം ആളുകൾ താമസിക്കുന്ന ഇന്ത്യക്കും മുന്നേറ്റമുണ്ടാക്കാൻ കഴിയും. എന്നാൽ അതിനു കൃത്യമായ പ്രവർത്തനങ്ങൾ നടത്താൻ ഒരു മികച്ച നേതൃത്വം ആവശ്യമാണ്. ദൗർഭാഗ്യവശാൽ ഇന്ത്യൻ ഫുട്ബോളിന് നിലവിൽ ഇല്ലാത്തതും അതു തന്നെയാണ്.

രാഷ്ട്രീയപാർട്ടികളുടെ കൈകടത്തലും ഉൾപ്പോരുമെല്ലാം ഇന്ത്യൻ ഫുട്ബോളിനെ പുറകോട്ടു വലിക്കുന്നുണ്ട്. അതിനു പുറമെ ഫുട്ബോളിനെ വളർത്താൻ വേണ്ടത്ര ഫണ്ട് ഇന്ത്യൻ ഗവണ്മെന്റ് അനുവദിക്കുന്നുമില്ല. ദിശാബോധമുള്ള ഒരു നേതൃത്വം ഏതാനും വർഷങ്ങൾ തലപ്പത്തുണ്ടെങ്കിൽ ഇന്ത്യൻ ഫുട്ബോളിന് വളരെപ്പെട്ടെന്നു തന്നെ മുന്നേറാൻ കഴിയും.