ക്രിക്കറ്റ് കീഴടക്കിയ ആ ഗോത്രവര്ഗക്കാരന്, അപമാനിക്കപ്പെട്ടവന്റെ പ്രതികാരം

സുരേഷ് വാരിയത്ത്
ബോക്സിങ്ങ് ഡേ ടെസ്റ്റ് – നാലാം ദിവസം മാന്‍ ഓഫ് ദ് മാച്ച് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ കയ്യിലിരുന്ന മെഡലില്‍ കൊത്തി വച്ച പേര് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. ആധുനിക കാല ലോക ക്രിക്കറ്റിന് ഒരിക്കലും പരിചിതമല്ലാത്ത ഒരു പേര് – ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമിലേക്ക് അവതരിപ്പിക്കപ്പെട്ട ആദ്യ ഗോത്രവര്‍ഗ്ഗ ക്രിക്കറ്റര്‍…. ജോണി മല്ലാഗ് എന്ന പേരിലറിയപ്പെട്ടിരുന്ന യുനാരിമിന് ( Unaarrimin) എന്ന, വിദേശ പര്യടനം നടത്തിയ ഒരു ഓസ്ട്രേലിയന്‍ ടീമിന്റെ ആദ്യ ക്യാപ്റ്റന്‍.
യുനാരിമിന് ജോണി മല്ലാഗ് ആയ കഥ
1841 ആഗസ്റ്റ് 13 ന് വിക്ടോറിയക്കടുത്ത്, ഗോത്രവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ‘മല്ലാഗ് ‘ എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം, പില്ക്കാലത്ത് ക്രിക്കറ്ററായി അറിയപ്പെടാന്‍ തുടങ്ങിയതോടെയാണ് ജോണി എന്ന പേരിലേക്ക് മാറി, കൂടെ ജനന സ്ഥലത്തിന്റെ പേരും ചേര്‍ത്തത്. ഓസ്ട്രേലിയയിലെ ഇംഗ്ലീഷ് കോളനി ഭരണകാലത്ത് എസ്റ്റേറ്റുകളിലും മറ്റും വെള്ളക്കാരോടൊപ്പം കളിച്ച് ജോണിയും മറ്റു സുഹൃത്തുക്കളും ക്രിക്കറ്റ് കളി പഠിച്ചെടുത്തു. ആദിമ ഗോത്രവര്ഗ്ഗക്കാരന് എന്ന വ്യക്തമായ വേര്‍തിരിവ് നിലനിന്നിരുന്നതിനാല്‍ തന്നെ ‘വൈറ്റ് ജോണി’ മാരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടി അദ്ദേഹം അറിയപ്പെട്ടിരുന്നത് ‘ബ്ലാക്ക് ജോണി’ എന്നായിരുന്നു (ഓസീസ് മുന്‍ പേസ് ബൗളര്‍ ജേസന്‍ ഗില്ലസ്പി ഇതേ ഗോത്രത്തില്‍ പെട്ടയാളാണ്. അദ്ദേഹത്തിന്റെ പിതാവ് ഗോത്രവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു).
1868 ല്‍, ലോകം ഔദ്യോഗിക ടെസ്റ്റ് മത്സരത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതിനും മുമ്പ് ജോണി മല്ലാഗ് തന്റെ ഗോത്ര ടീമുമായി ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തിയത്. വിവിധ ഇംഗ്ലീഷ് ടീമുകളുമായി നടന്ന 47 മത്സരങ്ങളില്‍ 45ലും ജോണി ടീമിനെ നയിച്ചു. ഈ സുദീര്‍ഘമായ പര്യടനത്തില്‍ അദ്ദേഹം 1698 റണ്‍സും 245 വിക്കറ്റും നേടി. അനുബന്ധമായി പറയട്ടേ, ആ പര്യടനം കൂടെ നിന്നവര്‍ക്ക് സമ്മാനിച്ചത് വേദനകള്‍ മാത്രമായിരുന്നു. പര്യടന ശേഷം ടീമംഗങ്ങളില്‍ ചിലര്‍ പിന്നീട് പുറം ലോകം കണ്ടില്ല. ചിലര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരണമടഞ്ഞു. മടക്കയാത്രാ മധ്യേ രണ്ടു പേരെ കാണാതായി.
പിന്നീടൊരു കാലത്താവട്ടെ, വിവേചനം പാരമ്യത്തിലെത്തിയപ്പോള്‍ ജോണി മല്ലാഗിന് ഹോട്ടലിന്റെ പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു. നാട്ടില്‍ തിരിച്ചെത്തിയ ജോണിയെ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് പ്രൊഫഷണല്‍ ടീമില്‍ എടുത്തെങ്കിലും, ഇന്റര്‍ കൊളോണിയല്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കവേ ശാരീരികമായ അസുഖത്തെത്തുടര്‍ന്ന് ആറു മത്സരം മാത്രം കളിച്ചതിനു ശേഷം മെല്ബണുമായുള്ള കരാര്‍ റദ്ദാക്കി.
1879 ല്‍ ജന്മനാടായ വിക്ടോറിയക്കായി ഇംഗ്ലീഷ് ടീമിനെതിരെ അദ്ദേഹം കരിയറിലെ ഏക ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചു. രണ്ടിന്നിംഗ്സുകളിലായി 40 റണ്‍സ് നേടിയ അദ്ദേഹത്തിനായി കാണികള്‍ സംഘടിച്ച് അമ്പത് പൗണ്ട് സംഭാവന നല്കി.തുടര്‍ന്നും അനൗദ്യോഗിക മത്സര രംഗത്ത് സജീവമായ അദ്ദേഹം 1891 ഓഗസ്റ്റ് 14 ന്, തന്റെ അമ്പതാം ജന്മദിനത്തിന് പിറ്റേന്ന് ഈ ലോകത്തോട് വിട പറഞ്ഞു.
മരണാനന്തരം ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. വിക്ടോറിയയില്‍ അദ്ദേഹത്തിനായി സ്മാരകമുയര്‍ന്നു. ഒരു ഗ്രൗണ്ടിന് അദ്ദേഹത്തിന്റെ പേരു നല്‍കുകയും പ്രാദേശിക ടൂര്‍ണമെന്റിന് ജോണി മല്ലാഗ് ട്രോഫി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 2019 ല്‍ ചേര്‍ന്ന ക്രിക്കറ്റ് ആസ്ട്രേലിയ യോഗം, 2020 മുതല്‍ ബോക്സിംഗ് ഡേ ടെസ്റ്റ് മാന്‍ ഓഫ് ദി മാച്ചിന് ജോണി മല്ലാഗ് മെഡല്‍ നല്കാന് തീരുമാനിച്ചു. 2020 ഡിസംബറില്‍ ഓസ്ട്രേലിയന്‍ ഹാള്‍ ഓഫ് ഫെയിമില്‍ അദ്ദേഹവും ഇടം നേടി
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍