‘ഗംഭീർ അധികം വാഴില്ല’; മുന്നറിയിപ്പുമായി ധോണിയുടെ ലോകകപ്പ് ഹീറോ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ദീർഘകാലം തൽസ്ഥാനത്ത് തുടരില്ലെന്ന് മുൻ ഇന്ത്യൻ പേസ് ബൗളർ ജോഗീന്ദർ ശർമ്മ. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ 3-0 വിജയത്തോടെ ഗംഭീറിന് മികച്ച തുടക്കമാണ് പരിശീലക കരിയറിൽ ലഭിച്ചിരിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹത്തിന് ബിസിസിഐ കരാർ നൽകിയിട്ടുമുണ്ട്. ഇതെല്ലാമാണെങ്കിലും, ദീർഘകാലം പദവിയിൽ തുടരാൻ ഗംഭീറിന് കഴിയില്ലെന്ന് ശർമ്മ അഭിപ്രായപ്പെടുന്നു.
ഗംഭീറിന്റെ തീരുമാനങ്ങളും താരങ്ങളുമായുള്ള ഭിന്നതയും
ഗംഭീറിന്റെ പലതീരുമാനങ്ങളും സീനിയർ താരങ്ങൾ അടക്കമുള്ളവരുമായി കടുത്ത ഭിന്നതക്ക് കാരണമാവുമെന്ന് ശർമ്മ പറയുന്നു. “ഗംഭീറിന് എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനങ്ങളുണ്ട്, ചിലപ്പോൾ അത് കളിക്കാരുമായി ഒത്തുപോവില്ല” ശർമ്മ പറയുന്നു. “വിരാട് കോഹ്‌ലിയെക്കുറിച്ചല്ല ഞാൻ പറയുന്നത്. പലപ്പോഴും ഗംഭീറിന്റെ തീരുമാനങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാത്ത തരത്തിലുള്ളതാണ്.”
കൂടാതെ പദവിയിൽ കടിച്ചുതൂങ്ങാൻ ഇഷ്ടപ്പെടുന്ന ആളല്ല ഗംഭീർ എന്നും, അഭിപ്രായഭിന്നത രൂക്ഷമായാൽ പ്രശ്നപരിഹാരത്തിനായി ഒരു വിട്ടുവീഴ്ചയ്ക്കും മുതിരാത്ത പ്രകൃതമാണ് ഗംഭീറിന്റെത് എന്നും ശർമ്മ കൂട്ടിച്ചേർക്കുന്നു. അതിനാൽ തന്നെ എത്രനാൾ ഗംഭീറിന് ടീം ഇന്ത്യയുടെ പരിശീലകനായി തുടരാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണമെന്ന് ശർമ്മ പറയുന്നു.
2007ൽ മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ ഇന്ത്യ ആദ്യ ടി20 ലോകകപ്പ് സ്വന്തമാക്കിയപ്പോൾ അവസാന ഓവർ എറിഞ്ഞു ടീമിന്റെ ഹീറോയായി മാറിയ ബൗളറാണ് ജോഗീന്ദർ ശർമ്മ.
ഗംഭീറിന്റെ മികച്ച മെന്റർഷിപ്പ് റെക്കോർഡ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഐപിഎല്ലിൽ വിജയത്തിലേക്ക് നയിച്ച ഗംഭീറിന്റെ മെന്റർഷിപ്പ് റെക്കോർഡ് മികച്ചതാണ്.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യ 3-0ത്തിന് വിജയിച്ചെങ്കിലും, ആദ്യ ഏകദിന മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഏകദിനം ഓഗസ്റ്റ് 4 ഞായറാഴ്ച കൊളംബോയിൽ നടക്കും.