ഒടുവില്‍ ഐപിഎല്‍ കളിക്കാനൊരുങ്ങി സര്‍പ്രൈസ് താരം, മെഗാ ലേലത്തില്‍ പങ്കെടുക്കും

Image 3
CricketIPL

സമകാലിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ റൂട്ട് രജിസ്റ്റര്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജോ റൂട്ട് ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല. സമകാലികരായ വിരാട് കോഹ്ലിയും കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും ഐപിഎല്ലില്‍ കളിക്കുമ്പോഴായിരുന്നു ഫ്രാഞ്ചസി ക്രിക്കറ്റില്‍ നിന്ന് റൂട്ട് വിട്ട് നിന്നത്. 2018ല്‍ താരലേലത്തില്‍ ഒരു പ്രവശ്യം പങ്കെടുത്തെങ്കിലും ഫ്രാഞ്ചസികള്‍ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍ വരുന്നതോടെ തനിക്ക് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങും എന്നാണ് റൂട്ടിന്റെ കണക്കുകൂട്ടല്‍. അതോടൊപ്പം ടി20 ലോകകപ്പ് സ്വപ്നങ്ങളും റൂട്ടിനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പുതിയ ടീമുകള്‍ വരുന്നതോടെ 16 വിദേശ താരങ്ങള്‍ക്ക് അവസരമൊരുങ്ങിയേക്കും.

ഐപിഎല്ലില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം കഴിഞ്ഞ വര്‍ഷം റൂട്ട് പ്രകടിപ്പിച്ചിരുന്നു. കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഐപിഎല്ലിന്റെ ഭാഗമാകും. ഐപിഎല്ലിന്റെ ഭാഗമാകാന്‍, അനുഭവിച്ചറിയാന്‍ ഇഷ്ടപ്പെടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ, പ്രത്യേകിച്ച് ടെസ്റ്റിന്റെ ആധിക്യത്തെ തുടര്‍ന്ന് ലേലത്തില്‍ പങ്കെടുക്കാന്‍ ഉചിതമായ സമയമാണിത് എന്ന് കരുതുന്നില്ല എന്നുമായിരുന്നു റൂട്ടിന്റെ വാക്കുകള്‍.

മുപ്പതുകാരനായ ജോ റൂട്ട് ഇംഗ്ലീഷ് കുപ്പായത്തില്‍ 2019 മെയ് മാസത്തിലാണ് അവസാനമായി ടി20 ക്രിക്കറ്റ് കളിച്ചത്. ഇത്തവണത്തെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ റൂട്ട് അംഗമല്ല. ഓസ്ട്രേലിയയില്‍ വരാനിരിക്കുന്ന ആഷസില്‍ ഇംഗ്ലണ്ടിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ടി20യില്‍ 35.7 ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും ടെസ്റ്റ് ഉള്‍പ്പടെയുള്ള വര്‍ക്ക് ലോഡാണ് കുട്ടി ക്രിക്കറ്റില്‍ നിന്ന് താരത്തെ കൂടിതലായി അകറ്റാന്‍ കാരണം