ബ്ലാസ്റ്റേഴ്‌സില്‍ കളിയ്ക്കുന്നത് സ്വപ്നം, വിളിച്ചാല്‍ വരാന്‍ റെഡി, പറയുന്നത് സൂപ്പര്‍ താരം

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മലയാളി സൂപ്പര്‍ താരം ജോബി ജസ്റ്റിന്‍. താന്‍ എ ടി കെ കൊല്‍ക്കത്തയില്‍ സന്തോഷവാന്‍ ആണെന്നും ഇവിടെ തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത് എന്നും ജോബി പറഞ്ഞു.

അതെസമയം കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുക എന്നത് തന്റെ വലിയ സ്വപ്‌നമാണെന്ന് പറയുന്ന ഈ മലയാളി സ്‌ട്രൈക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് തന്നില്‍ താല്പര്യം ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും ഒരുക്കമാണെന്നും കൂട്ടിചേര്‍ത്തു.

ഈ സീസണില്‍ എടികെ കൊല്‍ക്കത്ത കിരീടം നേടിയെങ്കിലും ജോബി ജസ്റ്റിന് കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല. 10 മത്സരങ്ങള്‍ മാത്രമാണ് ജോബിയ്ക്ക് കൊല്‍ക്കത്തയ്ക്കായി കളിക്കാനായത്. ഇതില്‍ ഭൂരിഭാഗവും പകരക്കാരനായിട്ടും ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റന്‍സും ആയിരുന്നു ജോബിയുടെ ഐഎസ്എല്‍ പ്രകടനം.

ഇതോടെ താരം മറ്റൊരു ക്ലബ് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളി ആയതിനാല്‍ തന്നെ ജോബിയ്ക്ക് ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിയാനാണ് ഏറെ താല്‍പര്യമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.

നേരത്തെ ഐലീഗില്‍ ഈസ്റ്റ് ബംഗാളിനായി തകര്‍പ്പന്‍ പ്രകടനമാണ് ജോബി കാഴ്ച്ചവെച്ചത്. ഗോകുലത്തിനായും ഈ മലയാളി താരം കളിച്ചിട്ടുണ്ട്.