ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ജോബിയും, ആരാധകര്‍ക്ക് കറുത്ത തിങ്കള്‍

ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നെടുംതൂണാകും എന്ന് പ്രതീക്ഷിക്കപ്പെട്ട മലയാളി യുവതാരം ജോബി ജസ്റ്റിന്‍ കേരള ക്ലബിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി. നിലവില്‍ എടികെ കൊല്‍ക്കത്ത താരമായ ജസ്റ്റിന്‍ അവിടെ തന്നെ തുടരാനാണ് തീരുമാനം.

തന്നെ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ആരും സമിപിച്ചിട്ടില്ലെന്നാണ് ജോബി ജസ്റ്റിന്‍ പറയുന്നത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് ഉറപ്പിച്ച ഒരു താരത്തെ കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകുന്നത്.

ഈ സീസണില്‍ എടികെ കൊല്‍ക്കത്ത കിരീടം നേടിയെങ്കിലും ജോബി ജസ്റ്റിന് കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല. 10 മത്സരങ്ങള്‍ മാത്രമാണ് ജോബിയ്ക്ക് കൊല്‍ക്കത്തയ്ക്കായി കളിക്കാനായത്. ഇതില്‍ ഭൂരിഭാഗവും പകരക്കാരനായിട്ടും ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റന്‍സും ആയിരുന്നു ജോബിയുടെ ഐഎസ്എല്‍ പ്രകടനം.

ഇതോടെ താരം മറ്റൊരു ക്ലബ് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളി ആയതിനാല്‍ തന്നെ ജോബിയ്ക്ക് ബ്ലാസ്റ്റേഴ്സ് ജഴ്സി അണിയാനാണ് ഏറെ താല്‍പര്യമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. നേരത്തെ ഈസ്റ്റ് ബംഗാളിനായി തകര്‍പ്പന്‍ പ്രകടനമാണ് ജോബി കാഴ്ച്ചവെച്ചത്.

You Might Also Like