ഫുട്‌ബോളിലെ മൈക്കല്‍ ജോര്‍ദാനാണവന്‍, യുണൈറ്റഡ് സൂപ്പര്‍ താരം പറയുന്നു

Image 3
FeaturedFootball

ഫുട്ബോളിൽ ആരെയാണ് ബാസ്കറ്റ് ബോൾ ഇതിഹാസം മൈക്കൽ ജോർദാനുമായി സാമ്യപ്പെടുത്താൻ കഴിയുക ഏന്ന ചോദ്യത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർ ജെസ്സെ ലിംഗാർഡിനു പറയാനുള്ളത് ഒറ്റപ്പേരാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോ.  യുണൈറ്റഡിൽ റൊണാൾഡോ കളിച്ചിരുന്ന കാലത്ത്‌  യുണൈറ്റഡ് അക്കാഡമിയിൽ വളർന്നു വരുന്ന താരമായിരുന്നു ജെസ്സെ ലിംഗാർഡ്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ മൈക്കൽ ജോർദാൻ ബാസ്കറ്റ്ബോളിൽ നേടിയതിനു സമാനമാണെന്നാണ് ലിംഗാർഡ് അഭിപ്രായപ്പെട്ടത്.

എൻബിഎ ഇതിഹാസം മൈക്കൽ ജോർദാൻ 1990കളിൽ ചിക്കാഗോ ബുൾസിനു വേണ്ടി ആറു കിരീടങ്ങൾ നേടിയിട്ടുണ്ട്. ബാസ്കറ്റ്ബോളിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള അവാർഡ് അഞ്ചുവട്ടം താരത്തെ തേടിയെത്തിയിട്ടുണ്ട്.

അതുപോലെ തന്നെ ക്രിസ്റ്റ്യാനോ അഞ്ചു വട്ടം ബാലൺ ഡിയോർ ജേതാവാണ്. കൂടാതെ മൂന്നു രാജ്യങ്ങളിൽകളിച്ചു മൊത്തം ഏഴു ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. അടുത്തിടെ അടുപ്പിച്ചു യുവന്റസിനൊപ്പം രണ്ടു ലീഗ് കിരീടങ്ങളും നേടിയിരുന്നു.

“എനിക്ക് പറയാനുള്ളത് റൊണാൾഡോയെന്നാണ്. ഒരു കരിയറിൽ നേടാവുന്നതെല്ലാം അദ്ദേഹം നേടി. ഒരുപാട് ക്ലബ്ബുകളിൽ കളിച്ചു ധാരാളം ട്രോഫികൾ വാരികൂട്ടിയിട്ടുണ്ട്. ശരിക്കും അയാൾ ഫുട്ബോളിന്റെ ഐക്കൺ തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു. ഫുട്ബോളിന്റെ മൈക്കൽ ജോർദാൻ” ഫുട്ബോളിൽ മൈക്കൽ ജോർദാനോട് ഉപമിക്കാൻ കഴിയുന്ന താരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജെസ്സെ ലിംഗാർഡ് അഭിപ്രായപ്പെട്ടു.

ക്രിസ്റ്റ്യാനോറൊണാൾഡോയുമായുള്ള തന്റെ കണ്ടുമുട്ടലിനെക്കുറിച്ചും ലിംഗാർഡ് ഓർമ പുതുക്കി. തനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സായുള്ളപ്പോഴാണ് ആദ്യമായി മെലിഞ്ഞ ശരീരപ്രകൃതമുള്ള യുവാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണുന്നതെന്നും തങ്ങൾ ചെയ്ത ഒരു സ്കിൽ ഡീവിഡിയിൽ ഞങ്ങളെ സ്കിൽസ്‌ പഠിപ്പിച്ചത് ക്രിസ്റ്റ്യാനോയായിരുന്നെന്നും അത് വളരെ മികച്ച അനുഭവമായിരുന്നെന്നും ലിംഗാർഡ് ഓര്‍ക്കുന്നു.