റാഞ്ചാന്‍ ആറ് ക്ലബുകള്‍, മിസോ സ്‌നൈപ്പര്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുമോ

ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെക്ലുവക്കയ്ക്കായി മത്സരിച്ച് ക്ലബുകള്‍. നിലവിലെ ക്ലബ് ചെന്നൈ എഫ്സി ഉള്‍പ്പെടെ ആറ് ക്ലബുകളുമായി താന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ജെജെ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജെജെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

ജെജെയെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് അടക്കം ശ്രമം നടത്തുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ വെളിപ്പെടുത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിലെ മുന്നേറ്റ നിരയിലെ ഒരു ഇന്ത്യന്‍ ഒപ്ഷനായി പരിഗണിക്കുന്നത് നിലവില്‍ ജെജെയാണ്.

എങ്ങോട്ട് പോകണമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഇന്ത്യയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ പറയുന്നത്. ഒരു വര്‍ഷമായി പരിക്കിന്റെ പിടിയിലുളള താരം ഇപ്പോള്‍ തിരിച്ചുവരവിന് വേണ്ടിയുളള പരിശ്രമത്തിലാണ്.

‘ഇപ്പോള്‍ ഞാന്‍ ആറ് ക്ലബുകളുമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ അടുത്ത നീക്കത്തെ സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ ഞാന്‍ കൈകൊണ്ടിട്ടില്ല. എന്റെ ഏജന്റാണ് ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ നോക്കുന്നത്. തീരുമാനം കൈകൊള്ളാന്‍ ഞങ്ങള്‍ക്ക് സമയമുണ്ട്. എങ്കിലും ഉടന്‍ തന്നെ ഞാനൊരു തീരുമാനത്തിലെത്തും. നമുക്ക് അതുവരെ കാത്തിരിക്കാം’ ജെജെ വെളിപ്പെടുത്തി.

നിലവില്‍ പരിക്ക് മാറി തിരിച്ചെത്തുന്ന താരവുമായുളള ചെന്നൈ എഫ്സിയുടെ കരാര്‍ അവസാനിച്ചുകഴിഞ്ഞു. ഫ്രീ ഏജന്റാണ് താരമിപ്പോള്‍.

ഫിറ്റ്നസ് തിരിച്ചുപിടിക്കാനാണ് തന്റെ ആദ്യ പരിശ്രമമെന്നും. ഗോള്‍ നേടാനോ, എല്ലാ കളിയിലും കളിയ്ക്കുന്നതോ അല്ല ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും മിസോ സ്നൈപ്പര്‍ പറയുന്നു. പരിക്കേറ്റ കാലം ജീവിതത്തിലെ ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞ കാലമായിരുന്നെന്നും മികച്ച തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും ജെജെ കൂട്ടിചേര്‍ത്തു

You Might Also Like