കിബു വെളിപ്പെടുത്തിയ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ഈ താരമോ?, സൂചനകളിങ്ങനെ

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇന്ത്യന്‍ സ്‌ട്രൈക്കര്‍ വരുമെന്ന പരിശീലകന്‍ കിബു വികൂനയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരമാരാണെന്ന ചൂടന്‍ ചര്‍ച്ചയാണ് വിവിധ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ചെന്നൈ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലവക്കയുടെ പേരാണ് കൂടുതല്‍ സാധ്യതയായി ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചൂണ്ടികാണിക്കുന്നത്.
മിസോ സ്‌നൈപ്പര്‍ എന്നറിയപ്പെടുന്ന ജെജെയെ സ്വന്തമാക്കാന്‍ നേരത്തെ മുതല്‍ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് നല്‍കിയ ഓഫറിനെ കുറിച്ച് ജെജെ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നടന്ന യൂട്യൂബ് ലൈവില്‍ ഒരു ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തുമെന്ന് വികൂന ഉറപ്പ് പറഞ്ഞത്.
ജൂണോടുകൂടി ചെന്നൈയുമായുളള ജെജെയുടെ കരാര്‍ അവസാനിച്ചുകഴിഞ്ഞു. നിലവില്‍ ഫ്രീ ഏജന്റാണ് താരം. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ അഞ്ചോളം ഐഎസ്എല്‍ ക്ലബുകള്‍ ഈ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ക്ക് പിന്നാലെയുണ്ട്.
ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്‌സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.
ചെന്നൈയെ കൂടാതെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.