ചെന്നൈയോട് യാത്ര പറഞ്ഞ് ജെജെ, ബ്ലാസ്റ്റേഴ്‌സില്‍ ബുധനാഴ്ച്ച ഇന്ത്യന്‍ സൈനിംഗ്
ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലുവ ഐഎസ്എല്‍ ക്ലബായ ചെന്നൈയിന്‍ എഫ്‌സിയോട് വിടപറഞ്ഞു. ആറ് വര്‍ഷം നീണ്ട ചെന്നൈയുമായുളള ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. സോഷ്യല്‍ മീഡീയയിലൂടെ ജെജെ തന്നെയാണ് താന്‍ ചെന്നൈയിന്‍ വിടുകയാണെന്ന് ആരാധകരെ അറിയിച്ചത്.
തന്റെ ഐഎസ്എല്ലിലെ എല്ലാ ഉയര്‍ച്ചയിലും കാരണക്കാര്‍ ചെന്നൈ ആണെന്ന് പറഞ്ഞ ജെജെ ക്ലബ് അധികൃതരോടും ആരാധകരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. ചെന്നൈയ്‌ക്കൊപ്പം രണ്ട് ഐഎസ്എല്‍ കിരീടം നേടാനായത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
— jeje fanai (@jejefanai) September 8, 2020
അതെസമയം ജെജെ ഇനിയെങ്ങോട്ടേക്ക് എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ അഞ്ചോളം ക്ലബുകള്‍ ജെജെയ്ക്ക് പിന്നാലെയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജെജെ മനസ്സ് തുറന്നിട്ടില്ല.
അതെസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബുധനാഴ്ച്ചത്തെ പ്രഖ്യാപനം ഇന്ത്യന്‍ സൈനിംഗ് ആയിരിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു ഇന്ത്യന്‍ താരത്തിന്റെ കരാര്‍ നീട്ടിയത് സംബന്ധിച്ചുളള പ്രഖ്യാപനം ആകാനും വഴിയുണ്ട്. ഇക്കാര്യത്തിലുളള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.