ക്രിസ്ത്യാനോ വന്നതും ഇറ്റാലിയൻ ലീഗിനെ മെച്ചപ്പെടുത്തിയിട്ടില്ല, സൂപ്പർതാരങ്ങളുടെ കൊഴിഞ്ഞു പോക്കിനെപ്പറ്റി ലാലിഗ പ്രസിഡന്റ്

Image 3
FeaturedFootballLa Liga

ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡിൽ നിന്നും അപ്രതീക്ഷിതമായി കൂടുമാറിയ പോർച്ചുഗീസ് സൂപ്പർതാരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. എന്നാൽ ഈ കൂടുമാറ്റം ലാലിഗയേ ഒട്ടും സാരമായി ബാധിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ജാവിയർ ടെബാസ്. സ്പാനിഷ് മാധ്യമമായ മാർക്കക്കു നൽകിയ അഭിമുഖത്തിലാണ് ടെബാസ് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ മറുപടി നൽകിയത്.

സൂപ്പർതാരം ലയണൽ മെസിയും സെർജിയോ റാമോസും ലാലിഗ വിടുന്നത് ലാലിഗയെ പ്രതികൂലമായി ബാധിക്കുമോയെന്ന ചോദ്യത്തിന് ക്രിസ്ത്യാനോ റൊണാൾഡോ കൂടുമാറ്റത്തെ ഉദാഹരണമായി വിശദീകരണം നൽകുകയായിരുന്നു ടെബാസ്. ക്രിസ്ത്യാനോ പോയത് ലാലിഗയെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും റൊണാൾഡോയുടെ വരവ് സീരി എയെ അഭിവൃദ്ധിപ്പെടുത്തിയിട്ടില്ലെന്നും ടെബാസ് ചൂണ്ടിക്കാണിച്ചു. ലയണൽ മെസി പോയാലും അതു തന്നെയാണ് സംഭവിക്കുകയെന്നും ടെബാസ് വ്യക്തമാക്കി.

വ്യക്തമായി പറഞ്ഞാൽ ഇവരൊന്നും ലാലിഗ വിട്ടുപോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും അത് സംഭവിക്കുകയാണെങ്കിൽ നിലവിലുള്ള താരങ്ങളെ വെച്ചു തന്നെ ഞങ്ങൾ മുന്നോട്ടുപോകുക തന്നെയാണ് ചെയ്യുക. ക്രിസ്ത്യാനോ ലാലിഗ വിട്ടു പോയപ്പോൾ ചില വിമർശകർ എന്നോട് ട്വിറ്ററിൽ എന്നോട് ചിലത് സൂചിപ്പിച്ചിരുന്നു.

എന്നാൽ എനിക്കവരോട് പറയാനുള്ളത് ഒരു മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ലെന്നതാണ്. സത്യസന്ധമായി പറഞ്ഞാൽ അത് സീരി എയെയും മെച്ചപ്പെടുത്തിയിട്ടില്ലെന്നതാണ്. അദ്ദേഹത്തിന്റെ വരവും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടില്ല. നെയ്മർ പിഎസ്‌ജിയിലേക്ക് പോയി. എന്നിട്ട് ലീഗ് വൺ ഇപ്പോഴും ലീഗ് വൺ തന്നെയാണ്. ലാലിഗ ബ്രാൻഡും അതിലെ വലിയ ക്ലബ്ബുകളും എപ്പോഴും വ്യക്തികളെക്കാൾ വലുതാണ്. അതിപ്പോൾ എത്ര പ്രതിഭയുണ്ടെങ്കിലും.” ടെബാസ് വ്യക്തമാക്കി.