എന്ത് നാണംകെട്ടാണ് ഭുംറയുടെ മടക്കം, ഈ അപമാനം എങ്ങനെ മറക്കാനാകും
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ഭുംറ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയെ വട്ടം കറക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും പ്രതീക്ഷിച്ചു.
ഭുംറയെ ചുറ്റിപറ്റിയായിരുന്നു ഇന്ത്യയുടെ ബൗളിംഗ് തന്ത്രങ്ങളെല്ലാം രൂപപ്പെടുത്തിയത്. ഭുംറ എറിയുന്ന യോര്‍ക്കറുകളും ബൗണ്‍സറുകളും കിവീസ് ബാറ്റിംഗ് നിരയ്ക്കുണ്ടാക്കുന്ന നാശനഷ്ടങ്ങളെ കുറിച്ച് ക്രിക്കറ്റ് അറിയുന്ന ഒരാള്‍ക്കും സംശവും ഉണ്ടായിരുന്നില്ല.
എന്നാല്‍ സതാംപ്ടണില്‍ മത്സര ചിത്രം തെളിഞ്ഞപ്പോള്‍ സംഭവിച്ചതെല്ലാം മറ്റൊന്നായിരുന്നു. ഭുംറയെന്ന പോരാളി വെറും ബൗളിംഗ് ശിശുവായി മാറിയ അവിശ്വസനീയ കാഴ്ച്ചയാണ് ആരാധകര്‍ കണ്ടത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇരു ഇന്നിംഗ്‌സുകളിലുമായി 37 ഓവര്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും എടുക്കാന്‍ ഭുംറയ്ക്ക് കഴിഞ്ഞില്ല. ഫൈനല്‍ കളിച്ച ഇരുടീമുകളുടെ ബൗളര്‍മാരില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാത്ത ഏക ബൗളര്‍ എന്ന നാണംകേടും പേറിയാണ് ഭുംറ സതാംപ്ടണ്‍ വിടുന്നത്. ഐപിഎല്‍ പാതി വഴിയില്‍ നിന്നതിനാല്‍ ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും വേണ്ട ഹോം വര്‍ക്ക് ഭുംറ നടത്തിയോ എന്ന സംശയമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്.