ബുംറയൊന്നുമല്ല, കഴിവിന്റെ കാര്യത്തില്‍ കേമന്‍ അവനെന്ന് നെഹ്‌റ

Image 3
CricketIPL

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പേസര്‍ മുഹമ്മദ് സിറാജിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായി വിലയിരുത്തപ്പെട്ട ജസ്പ്രിത് ഭുംറയോടാണ് സിറാജിനെ നെഹ്‌റ താരത്യം ചെയ്യുന്നത്.

കഴിവുവെച്ചു നോക്കുകയാണെങ്കില്‍ ഭുംറയേക്കാള്‍ കേമനാണ് സിറാജെന്ന് നെഹ്‌റ തുറന്ന് പറയുന്നു. പ്രമുഖ കായിക മാധ്യമമായ ക്രിക് ബസിനോട് സംസാരിക്കുകയായിരുന്നു നെഹ്‌റ.

‘പ്രതിഭയും കഴിവും വെച്ചു നോക്കുകയാണെങ്കില്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി എല്ലാവരും ഭുംറയെപ്പറ്റിയാണ് സംസാരിക്കുന്നത്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഒരു ഫോര്‍മാറ്റിലും ഭുംറയേക്കാള്‍ ഒട്ടും പിന്നിലല്ല മുഹമ്മദ് സിറാജ്’ നെഹ്‌റ നിരീക്ഷിക്കുന്നു.

ഏതാനും വര്‍ഷം മുമ്പ് ഇന്ത്യ എക്കായി ചുവന്ന പന്തില്‍ മിക്കവാറും മത്സരങ്ങളില്‍ അഞ്ചോ ആറോ വിക്കറ്റൊക്കെ വീഴ്ത്തുന്ന സിറാജിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ചുവന്ന പന്തില്‍ മികവ് കാട്ടാന്‍ കഴിയുന്നൊരു ബൗളര്‍ക്ക് വെള്ളപ്പന്തിലും മികവ് കാട്ടാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ചില ബൗളര്‍മാരെ എല്ലായ്‌പ്പോഴും വെള്ള പന്തില്‍ ബൗള്‍ ചെയ്യാന്‍ മാത്രമാണ് തെരഞ്ഞെടുക്കാറുള്ളത്. സിറാജ് അത്തരത്തിലൊരു ബൗളറല്ല. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള എല്ലാത്തരത്തിലുള്ള വ്യത്യസ്തകളും സ്വന്തമായുള്ള ബൗളറാണ് അദ്ദേഹം. കഴിവിന്റെ കാര്യത്തില്‍ ഭുംറയെക്കാള്‍ കേമനാണ് സിറാജെന്നതില്‍ എനിക്ക് സംശയമില്ല’ നെഹ്‌റ പറയുന്നു.

മികച്ച സ്ലോ ബോളും നല്ല പേസും പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവും സിറാജിനുണ്ടെന്നും കായികക്ഷമതയും ഏകാഗ്രതയും നിലനിര്‍ത്താനാണ് സിറാജ് ഇനി ശ്രമിക്കേണ്ടതെന്നും നെഹ്‌റ യുവതാരത്തോട് ഉപദേശിക്കുന്നു. ഇതു രണ്ടും നേടാനായാല്‍ ആകാശത്തോളം ഉയരാന്‍ സിറാജിനാവുമെന്നും നെഹ്‌റ പറഞ്ഞു.

ഐപിഎല്ലില്‍ ബംഗളൂരുവിനായി കളിച്ച നാലു മത്സരങ്ങളില്‍ സിറാജിന്റെ ബൗളിംഗ് പ്രകടനമാണ് സിറാജ് നടത്തിയത്. കുറഞ്ഞ എക്കണോമി നിരക്കില്‍ അഞ്ച് വിക്കറ്റും യുവതാരം സ്വന്തമാക്കിയിരുന്നു.