വിരമിക്കലിനെ കുറിച്ച് വമ്പന്‍ തുറന്ന് പറച്ചിലുമായി ജസ്പ്രിത് ഭുംറ

Image 3
CricketTeam India

ടി20 ക്രിക്കറ്റില്‍ നിന്ന് തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറ. ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് ‘വളരെ ദൂരെയാണ്’ എന്നായിരുന്നു ഭുംറയുടെ മറുപടി.

ഇന്ത്യ ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഭുംറയുടെ മനസ് തുറക്കല്‍. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഭുംറ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഇന്ത്യയുടെ മൂന്ന് പ്രമുഖ താരങ്ങളാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി, ഓള്‍-റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ലോകകിരീടം നേടിയ ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

എന്നാല്‍, ഭുംറ അവരുടെ മാതൃക പിന്‍പറ്റാന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരുമെന്നാണ് ഉറപ്പിച്ചു പറഞ്ഞത്. ആരാധകരെ സംബന്ധിച്ച് ഏറെ ആവേശമുണ്ടാക്കുന്ന പ്രസ്താവനയാണിത്.

‘എന്റെ വിരമിക്കല്‍ വളരെ ദൂരെയാണ്. ഞാന്‍ ഇപ്പോഴാണ് തുടങ്ങിയിരിക്കുന്നത്. വിരമിക്കല്‍ വളരെ അകലെയാണ് എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ ഭുംറ പറഞ്ഞു.

ആഘോഷ പരിപാടിയ്ക്കിടെ ഭുംറയുടെ മകന്‍ അംഗദിന്റെ സാന്നിധ്യം അദ്ദേഹത്തെ കൂടുതല്‍ വൈകാരികമാക്കി.

‘ഇത് അവിശ്വസനീയമായിരുന്നു. സാധാരണയായി, ഞാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന ആളല്ല, പക്ഷേ എന്റെ മകനെ കണ്ടപ്പോള്‍, വികാരങ്ങള്‍ അലതല്ലി. ഞാന്‍ ഒരിക്കലും കളി കഴിഞ്ഞ് കരയാറില്ല, പക്ഷേ ഞാന്‍ കരയാന്‍ തുടങ്ങി, രണ്ടു മൂന്ന് തവണ കരഞ്ഞു’ ബുംറ പറഞ്ഞു.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന് ഭുംറയുടെ അസാധാരണമായ ബൗളിംഗ് പ്രകടനം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യ 13 വര്‍ഷത്തെ ലോക കിരീട വരള്‍ച്ച അവസാനിപ്പിച്ചപ്പോള്‍ ടൂര്‍ണമെന്റിലുടനീളം 4.17 എന്ന ഇക്കണോമി നിരക്കില്‍ വിനാശകരമായ സ്പെല്ലുകളാണ് ഭുംറ എറിഞ്ഞത്.