ജയ്‌സ്വാളിന്റെ ബലഹീനത തുറന്ന് കാട്ടി ബുംറ, സഹായിക്കാനോടിയെത്തി കോഹ്ലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത സൂപ്പര്‍ താരമായി കരുതുന്ന താരമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. സെപ്റ്റംബര്‍ 19ന് ചെന്നൈയില്‍ ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് യുവതാരമിപ്പോള്‍.
ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അഞ്ച് റെഡ്-ബോള്‍ മത്സരങ്ങളില്‍ നിന്ന് 700 റണ്‍സ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയിരുന്നു. എന്നിരുന്നാലും, പരിശീലനത്തിനിടെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ നെറ്റില്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ജയ്‌സ്വാള്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു. ബുംറയുടെ വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ ജയ്സ്വാള്‍ പലതവണ ക്ലീന്‍ ബൗള്‍ഡ് ആവുകയും ഔട്ട്സൈഡ് എഡ്ജില്‍ പന്തുകള്‍ കൊണ്ട് ബീറ്റ് ആവുകയും ചെയ്തുവെന്ന് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളും കളിക്കാനുള്ള അവസരമാണ് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന് മുന്നിലുള്ളത്. തന്റെ ആദ്യ ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇനി ഓസ്ട്രേലിയയിലെ അഞ്ച് ടെസ്റ്റുകള്‍ അദ്ദേഹത്തിന് ഒരു വലിയ പരീക്ഷണമായിരിക്കും. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവര്‍ അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ബംഗ്ലാദേശ് ബൗളര്‍മാരായ തസ്‌കിന്‍ അഹമ്മദും നാഹിദ് റാണയും അദ്ദേഹത്തിന്റെ ഏകാഗ്രത തകര്‍ക്കാന്‍ ശ്രമിക്കും. ദുലീപ് ട്രോഫിയില്‍ അദ്ദേഹം കളിച്ച ഏക മത്സരത്തില്‍ അവേഷ് ഖാനും ഖലീല്‍ അഹമ്മദും അദ്ദേഹത്തിന്റെ ബലഹീനതകള്‍ തുറന്നുകാട്ടിയിരുന്നു.
ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളിലേക്ക് മടങ്ങുമ്പോള്‍, ബുംറ രണ്ടുതവണ യശസ്വിയുടെ വിക്കറ്റ് നേടി. പന്ത് ബാറ്ററില്‍ നിന്ന് അകറ്റി കൊണ്ടുപോകാനുള്ള ജസ്പ്രീതിന്റെ കഴിവ് ജയ്‌സ്വാളിനെ വട്ടം കറക്കി. നെറ്റ് ബൗളര്‍മാരായ സിമര്‍ജീത് സിംഗ്, ഗുര്‍നൂര്‍ ബ്രാര്‍, ഗുര്‍ജന്‍പ്രീത് സിംഗ് എന്നിവരും യശസ്വിക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു.
ഇതോടെ വിരാട് കോഹ്ലി ജയ്‌സ്വാളിനെ സഹായിക്കാന്‍ മുന്നോട്ട് വരികയും അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. പരിശീലന സെഷനില്‍ കോഹ്ലി മികച്ച ഫോമിലായിരുന്നു, കവര്‍ ഡ്രൈവും ഓണ്‍-ഡ്രൈവും മാറി മാറി അടിച്ചു.
അതെസമയം ജയ്സ്വാള്‍ സ്പിന്നര്‍മാര്‍ക്കെതിരെ അനായാസമായി കഴിച്ചു. റിഷഭ് പന്തും അജിത് രംസും എം. സിദ്ധാര്‍ത്ഥും എറിഞ്ഞ പന്തുകള്‍ നന്നായി നേരിട്ടു.