കളിക്കളത്തിൽ ജാപ്പനീസ് താരങ്ങൾ ഹൃദയം കവർന്നപ്പോൾ സ്റ്റേഡിയത്തിൽ ഹൃദയം കവരുന്ന പ്രവൃത്തിയുമായി ജാപ്പനീസ് ആരാധകരും

ഖത്തർ ലോകകപ്പ് കണ്ട രണ്ടാമത്തെ അട്ടിമറിയാണ് ഇന്ന് നടന്നത്. ഇന്നലെ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അറേബ്യ തോൽപ്പിച്ചതിനു പിന്നാലെ ഇന്ന് യൂറോപ്പിലെ വമ്പന്മാരായ ജർമനിയെ ജപ്പാനും അതേ സ്കോറിന് കീഴടക്കി. അർജന്റീനയും ജർമനിയും ആദ്യ പകുതിയിൽ മുന്നിൽ നിന്നതിനു ശേഷമാണ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങി തോറ്റത്. രണ്ടു ടീമുകളെയും തോൽപ്പിച്ചത് ഏഷ്യൻ ടീമുകളാണെന്ന സാമ്യത കൂടിയുണ്ട്.

കളിക്കളത്തിൽ ജപ്പാൻ താരങ്ങൾ മനോഹരമായ പ്രകടനം കൊണ്ട് ഏവരുടെയും മനസു കവർന്നിരുന്നു. മത്സരത്തിൽ ഒരിക്കൽ പോലും റഫറിക്ക് മഞ്ഞക്കാർഡ് എടുക്കേണ്ടി വന്നില്ലെന്നത് രണ്ടു ടീമുകളുടെയും അച്ചടക്കം എടുത്തു കാട്ടുന്നു. അതേസമയം ജാപ്പനീസ് താരങ്ങൾ മാത്രമല്ല, മത്സരം കാണാനെത്തിയ ജപ്പാന്റെ ആരാധകരും ലോകത്തിന്റെ മുഴുവൻ മനസു കവരുന്ന പ്രവൃത്തിയാണ് ടീമിന്റെ വിജയത്തിനു ശേഷം കാഴ്‌ച വെച്ചത്.

മത്സരത്തിൽ ടീമിന്റെ വിജയത്തിൽ മതിമറന്ന് ആഘോഷിച്ച് സ്റ്റേഡിയം വിട്ടു പോകുന്ന സാധാരണ കാണികളായിരുന്നില്ല ജാപ്പനീസ് ആരാധകർ. മത്സരത്തിനു ശേഷം എല്ലാ ജാപ്പനീസ് ആരാധകരും ചേർന്ന് സ്റ്റേഡിയത്തിലെ ചപ്പുചവറുകൾ നീക്കം ചെയ്‌തതിനു ശേഷമാണ് സ്റ്റേഡിയം വിട്ടത്. ഇതാദ്യമായല്ല ജാപ്പനീസ് ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്നത്. ഉദ്ഘാടന മത്സരത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കിയ ജാപ്പനീസ് ആരാധകരുടെ പ്രവൃത്തിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഉദ്‌ഘാടനമത്സരത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ കാരണമുണ്ടായ പാഴ്‌വസ്തുക്കൾ അവിടെത്തന്നെ ഉപേക്ഷിച്ചു പോകുന്നത് ശീലമല്ലെന്നാണ് ജാപ്പനീസ് ആരാധകർ അതിനു മറുപടി നൽകിയത്. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം ലഭിക്കില്ലെന്നു പറഞ്ഞ് മുറവിളി കൂട്ടുന്ന പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവർ ഒരു ഏഷ്യൻ രാജ്യമായ ജപ്പാന്റെ പ്രവൃത്തിയാണ് ശരിക്കും മാതൃകയാക്കേണ്ടത്.

You Might Also Like