; )
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന് ശേഷം നടക്കുന്ന ട്രാന്‍സ്ഫര്‍ വിപണി എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ വിപണിമൂല്യം ഉയരുകയും ക്ലബുകള്‍ പണമെറിഞ്ഞ് സ്വന്തമാക്കുകയും ചെയ്യുന്നു. ഇത്തവണത്തെ ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലും ഇതിന് മാ്റ്റമൊന്നുമുണ്ടായില്ല. ഫുട്‌ബോള്‍ മത്സരംപോലെ അവസാന മണിക്കൂര്‍ വരെ മാറിമറിയുന്നതായിരുന്നു ട്രാന്‍സ്ഫര്‍ വിപണിയും. 12.1 കോടി പൗണ്ട്(131 ദശലക്ഷം ഡോളര്‍)പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കയില്‍ നിന്ന് അര്‍ജന്റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനെ ചെല്‍സി വാങ്ങിയതാണ് ഏറ്റവുംവലിയ കൈമാറ്റം. ഇംഗ്ലീഷ് ടീമുകള്‍ മാത്രം 831 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്.
ലീഗില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് താരങ്ങളെ ടീമിലെത്തിച്ചതും ചെല്‍സിയാണ്. എന്‍സോക്ക് പുറമെ മിഖായേല്‍ മുദ്രിക്, ബെനോയിറ്റ് ബാദിയഷില്‍, ഡേവിഡ് ഫൊഫാന, ആന്‍േ്രഡ സാന്റോസ്, ജാവോ ഫെലിക്‌സ്, നാനി മദുവേകെ, മാലോ ഗസ്‌റ്റോ എന്നിവരെയാണ് നീലപട സ്വന്തമാക്കിയത്. ലിവര്‍പൂളും ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിര്‍ണായകനീക്കങ്ങള്‍ നടത്തിയിരുന്നു. നെതര്‍ലാന്‍ഡ് സ്‌ട്രൈക്കര്‍ കോഡി ഗാപ്‌കോയെയാണ് ചെമ്പട സ്വന്തമാക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റി മാക്‌സിമോ പെറോന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജാക് ബട്‌ലാന്‍ഡ്, വൂഡ് വെഗ്ഹൂസ്റ്റ്, മാര്‍സല്‍ സബിസ്റ്റര്‍ എന്നിവരെ സൈന്‍ ചെയ്യിച്ചു. നിലവില്‍ പ്രീമിയര്‍ലീഗില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനല്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ്, ചെല്‍സിതാരം ജോര്‍ജീന്യോ, ജേകബ് കിവിയര്‍ എന്നീതാരങ്ങളുമായി കരാറിലെത്തി.
നിലവില്‍ പ്രീമിയര്‍ലീഗില്‍ തട്ടിതടയുന്ന ചെല്‍സി ലീഗിലേക്ക് ശക്തമായി തിരിച്ചുവരവിനാണ് സൈനിംഗിലൂടെ ശ്രമിക്കുന്നത്. എന്‍കോളോ കാന്റെ ഉള്‍പ്പെടെ പ്രമുഖതാരങ്ങളുടെ പരിക്കാണ് ചെല്‍സിക്ക് തിരിച്ചടിയായത്. എന്നാല്‍ പുതിയതാരങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. ഈമാസം നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറുകയും ലക്ഷ്യമിടുന്നു.