ഇന്ത്യന്‍ താരത്തെ കോച്ചാക്കി ജംഷഡ്പൂര്‍ എഫ്‌സി

മുന്‍ ഇന്ത്യന്‍ താരം നോയല്‍ വില്‍സണെ സഹപരിശീലകനാക്കി നിയമിച്ച് ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സി. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ റിസര്‍വ്വ് ടീമിന്റെ പരിശീലകനായിരുന്നു നോയല്‍ അവിടെ കാഴ്ച്ചവെച്ച മികച്ച പ്രകടനമാണ് സ്ഥാനകയറ്റം നല്‍കാന്‍ ജംഷഡ്പൂരിനെ പ്രേരിപ്പിച്ചത്.

നിലവില്‍ എ.എഫ്.സി ‘എ’ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുളള അപൂര്‍വ്വം ഇന്ത്യന്‍ പരിശീലകരിലൊരാളാണ് ഈ മുന്‍ ഇന്ത്യന്‍ താരം. ജംഷഡ്പൂരിനെ കഴിഞ്ഞ സീസണില്‍ സെക്കന്‍ഡ് ഡിവിഷന്‍ ലീഗിലും മറ്റ് നിരവധി ടൂര്‍ണ്‍മെന്റുകളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സഹായിച്ചത് നോയലിന്റെ തന്ത്രങ്ങളായിരുന്നു.

നിലവില്‍ ഓവന്‍ കോയ്ല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലക ടീമില്‍ സാന്‍ഡി സ്റ്റുവര്‍ട്ടും ഗോള്‍ കീപ്പിങ് കോച്ച് എസെക്വില്‍ ഗോമസും ആണ് ഉള്ളത്. ഇതിലേക്കാണ് നോയലിസ് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്.

റിസര്‍വ് ടീം ഹെഡ് കോച്ചായി ജംഷദ്പൂരില്‍ ചേരുന്നതിന് മുമ്പ് റൂട്ട്‌സ് ഫുട്ബോള്‍ അക്കാദമി, ബംഗളൂരുവിലെ സൗത്ത് യുണൈറ്റഡ് എഫ്സി എന്നിവിടങ്ങളില്‍ പരിശീലകനായി സേവനം അനുഷ്ഠിച്ചിരുന്നു.

നിരവധി തവണ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുളള നാല്‍പതുകാരന്‍ ഐലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്, മോഹന്‍ ബഗാന്‍, മുഹമ്മദന്‍ സ്പോര്‍ട്ടിംഗ്, മുംബൈ എഫ്സി തുടങ്ങി നിരവധി പ്രമുഖ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

You Might Also Like