ചതിയുടെ ഭീകരത, ക്രിക്കറ്റിനെ വഞ്ചിച്ച് ആന്‍ഡ്രൂ ടൈ, പാവം ഇംഗ്ലീഷ് താരം

ടീമിന് ജയിക്കാന്‍ ഒരു റണ്‍സ്. വ്യക്തിഗത സ്‌കോര്‍ 98. ടീമിന്റെ വിജയത്തിനൊപ്പം സ്വപ്‌ന സമാനമായ ടി20 സെഞ്ച്വറി പ്രതീക്ഷിച്ച് ബാറ്റ് വീശാനൊരുങ്ങിയ ഇംഗ്ലീഷ് താരം ജയിംസ് വിന്‍സ് നേരിടേണ്ടി വന്നത് ഒരു വൈഡ്. ഓസീസ് സൂപ്പര്‍ താരം ആന്‍ഡ്യൂ ടൈയുടെ ചതിയില്‍ ഒരു നിമിഷം വിന്‍സ് പകച്ചുപോയി.

ബിഗ്ബാഷ് ലീഗില്‍ ക്വാളിഫയര്‍ മത്സരത്തില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും സിഡ്‌നി സിക്‌സേഴ്‌സും ഏറ്റുമുട്ടുമ്പോഴായിരുന്നു മാന്യന്മാരുടെ കളിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചില കാഴ്ച്ചകള്‍ നടന്നത്. മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് സിഡ്‌നി സിക്‌സേഴ്‌സ് പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ തകര്‍ത്തതത്.

ആദ്യ ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോച്ചേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ സിഡ്‌നി സിക്‌സേഴ്‌സ് മൂന്ന് ഓവര്‍ അവശേഷിക്കെയാണ് വിജയലക്ഷ്യം മറികടന്നത്.

ഇംഗ്ലീഷ് താരം ജയിസ് വിന്‍സ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് സിഡ്‌നി സിക്‌സേഴ്‌സിനെ അനായാസ വിജയത്തിലെത്തിച്ചത്. 53 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതമാണ് വിന്‍സ് പുറത്താകാതെ 98 റണ്‍സെടുത്തത്.

ആന്‍ഡ്യൂ ടൈയും ‘ചതിയില്‍’ ആദ്യ ബിഗ്ബാഷ് സെഞ്ച്വറി എന്ന സ്വപ്‌നമാണ് വിന്‍സിന് നഷ്ടമായത്. അവസാന പന്ത് വൈഡ് എറിഞ്ഞിട്ടും ടൈയ്ക്ക് കൈകൊടുത്ത് തന്നെയാണ് വിന്‍സ് പവലിയനിലേക്ക് മടങ്ങിയത്. എതിരാളികള്‍ പോലും ഇംഗ്ലീഷ് താരത്തെ ആശ്വസിപ്പിക്കാനും രംഗത്തെത്തി.

മത്സര ശേഷം ടൈ അറിഞ്ഞ് കൊണ്ടല്ല ആ പന്ത് വൈഡ് എറിഞ്ഞത് എന്ന് വിശ്വസിക്കാനാണ് തനിയ്ക്ക് ഇഷ്ടം എന്നായിരുന്നു വിന്‍സിന്റെ പ്രതികരണം. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളടക്കം ടൈയുടെ ഈ വൈഡ് എറിയലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തികഴിഞ്ഞു.

You Might Also Like