ഒടുവില്‍ റയലിനോട് വിടപറഞ്ഞ് റോഡ്രിഗസ്, കൂടുമാറുന്നത് പ്രിയ പരിശീലകന് കീഴിലേക്ക്‌

Image 3
FootballLa Liga

കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസ്  റയൽ മാഡ്രിഡ്‌ വിട്ടേക്കും. പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിലേക്ക് കൂടുമാറാനൊരുങ്ങുകയാണ് ഈ ഇരുപത്തിയൊമ്പതുകാരൻ. വരുന്ന ആഴ്ച്ചകളിൽ  ഔദ്യോഗികസ്ഥിരീകരണം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം വൈദ്യപരിശോധനക്കായി  എവെർട്ടണിലേക്ക് ഉടനെ തിരിക്കും.

അത്‌ കഴിഞ്ഞാലുടൻ ഇരുക്ലബുകളും ഔദ്യോഗികസ്ഥിരീകരണം നടത്തുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്. 25 മുതൽ 30 മില്യൺ യുറോക്കിടയിലുള്ള ഒരു തുകയായിരിക്കും എവർട്ടൺ റോഡ്രിഗസിന് വേണ്ടി മുടക്കാനുദ്ദേശിക്കുന്ന തുക.  പ്രീമിയർ ലീഗ് വമ്പന്മാരായ  മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനു വേണ്ടി ശ്രമമാരംഭിച്ചിരുന്നുവെന്ന അഭ്യൂഹങ്ങൾ  സജീവമായിരുന്നു.പിന്നീട് യുണൈറ്റഡ് ഇതിൽ നിന്ന് പിന്മാറുകയായിരുന്നു.

2014-ലെ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് കൊളംബിയൻ മധ്യനിരതാരമായ റോഡ്രിഗസ്  മൊണോക്കോയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയാണ് താരത്തെ ക്ലബിൽ എത്തിക്കാൻ മുൻകൈ എടുത്തത്. എന്നാൽ ലോകകപ്പിലെ പ്രകടനത്തിന് സമാനമായതൊന്നും റയൽ മാഡ്രിഡിൽ  കാഴ്ചവെക്കാൻ  താരത്തിനായില്ല.

ശേഷം ബയേൺ പരിശീലകനായ  കാർലോ ആഞ്ചലോട്ടി റോഡ്രിഗസിനെ അങ്ങോട്ട് വിളിക്കുകയായിരുന്നു. 2017ൽ ലോണിലായിരുന്നു റോഡ്രിഗസ് ബയേണിലെത്തിയത്. പിന്നീട് 2019-ൽ റയലിലേക്കുതന്നെ തിരിച്ചെത്തി. എന്നാൽ താരത്തിന് സിദാന് കീഴിൽ അവസരം കൂടുതൽ അവസരങ്ങളൊന്നും താരത്തിനു ലഭിച്ചില്ല. ഈ ട്രാൻസ്ഫർ വിപണിയിൽ താരത്തെ റയൽ ലഭ്യമാക്കിയതോടെ പഴയ ആശാനൊപ്പമെത്താൻ വീണ്ടും റോഡ്രിഗസിനു അവസരം ലഭിച്ചിരിക്കുകയാണ്. നിലവിൽ എവർട്ടന്റെ പരിശീലകനാണ് ആഞ്ചലോട്ടി.