റയൽ ശാപം അവസാനിക്കുന്നു, ഹമേസ് റോഡ്രിഗസ് പ്രീമിയർ ലീഗിലേക്ക്

Image 3
EPLFeaturedFootball

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന നിലയിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ റയലിലേക്കു ചേക്കേറി തന്റെ കരിയറിൽ തന്നെ വലിയ നഷ്ടങ്ങൾ സമ്പാദിച്ച കൊളംബിയൻ താരം ഹമേസ് റോഡ്രിഗസ് ഒടുവിൽ ഈ സീസണു ശേഷം സ്പാനിഷ് ക്ലബ് വിടുമെന്നുറപ്പായി. താരത്തിന്റെ അടുത്ത അങ്കക്കളം പ്രീമിയർ ലീഗായിരിക്കുമെന്നാണ് നിലവിലെ വാർത്തകൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി എക്സ്പ്രസിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്. കൊളംബിയൻ താരത്തിന്റെ ഏജൻറായ ജോർജ് മെൻഡസുമായി അടുത്ത ദിവസങ്ങളിൽ ക്ലബിന്റെ പ്രതിനിധികൾ ചർച്ച നടത്താനൊരുങ്ങുകയാണ്.

https://twitter.com/madridreigns/status/1287360638482886661?s=19

നിരവധി ക്ലബുകൾക്ക് ഹമേസിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും താരത്തിന്റെ പ്രതിഫലമാണ് അതിൽ വിലങ്ങു തടിയാകുന്നത്. എന്നാൽ സീസണിൽ എട്ടു മില്യൺ യൂറോയെന്ന ഹമേസിന്റെ പ്രതിഫലവുമായി ഒത്തു പോകുന്ന വാഗ്ദാനം നൽകാൻ യുണൈറ്റഡ് തയ്യാറാണ്. ട്രാൻസ്ഫർ ഫീസായി 25 ദശലക്ഷം യൂറോ യുണൈറ്റഡ് നൽകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണിൽ അറ്റ്ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും റയൽ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇനി ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കെ ഹമേസിനെ വിട്ടു നൽകാതിരിക്കാൻ റയലിനു കഴിയില്ല. സിദാന്റെ പദ്ധതികളിൽ ഇടമില്ലാത്തതും താരം ക്ലബ് വിടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.