അപ്രതീക്ഷിതം, അവിശ്വസനീയം, വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് സൂപ്പര്‍ താരം

ഓസീസ് ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് പേസര്‍ ജയിംസ് പാറ്റിന്‍സന്‍. ചരിത്രപ്രാധാന്യമുളള ടെസ്റ്റ് ടൂര്‍ണമെന്റായ ആഷസ് പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് വെറും 31 വയസുമാത്രമുളള പാറ്റിന്‍സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാലിന്റെ ഞരമ്പുകള്‍ക്ക് ഏല്‍ക്കുന്ന പരിക്കാണ് കടുത്ത തീരുമാനത്തിന് പാറ്റിന്‍സനെ പ്രേരിപ്പിച്ചത്.

2011 ല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചു കൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പാറ്റിന്‍സണ്‍ ഇതു വരെ 21 ടെസ്റ്റുകളിലാണ് ഓസീസ് ജേഴ്‌സിയണിഞ്ഞത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 26.33 ബോളിംഗ് ശരാശരിയില്‍ 81 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ കുറച്ച് നാളുകളായി പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ പ്രധാന പേസ് ബൗളര്‍മാരിലൊരാളായിരുന്നു പാറ്റിന്‍സണ്‍. കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവരില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റുകയോ, വിശ്രമം അനുവദിക്കപ്പെടുകയോ ചെയ്യുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്ക് വന്നിരുന്ന പാറ്റിന്‍സണെ, 2019 ലെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മറികടന്ന് ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ പാറ്റിന്‍സണ്‍ തീരുമാനിച്ചതോടെ മൈക്കല്‍ നെസര്‍, ഷോണ്‍ ആബോട്ട്, മാര്‍ക്ക് സ്റ്റെക്റ്റീ എന്നിവരിലൊരാള്‍ക്ക് ഓസ്‌ട്രേലിയയുടെ ആഷസ് സ്‌ക്വാഡിലേക്ക് വിളി വരുമെന്നാണ് കരുതപ്പെടുന്നത്.

You Might Also Like