കളിച്ചത് നാമമാത്ര മത്സരം മാത്രം, സ്വന്തമാക്കിയത് ഏകദിന ചരിത്രം ഉള്ളിടത്തോളം കാലം മാറ്റി നിര്‍ത്താനാകാത്ത റെക്കോര്‍ഡ്

Image 3
Cricket

ധനേഷ് ദാമോധരന്‍

വെറും എട്ട് ഏകദിന മത്സരങ്ങള്‍ മാത്രം കളിച്ച ഒരാള്‍ക്ക് ചരിത്രത്തില്‍ എത്രത്തോളം സ്ഥാനം ഉണ്ടാകും ? സാധാരണ ഗതിയില്‍ അങ്ങനെയൊരാളുടെ സ്ഥാനം കണക്ക് പുസ്തകത്തില്‍ മുകളില്‍ വരാന്‍ സാധ്യതയില്ല .എന്നാല്‍ 1982 മുതല്‍ 85 വരെ പാകിസ്ഥാന് വേണ്ടി കളിച്ച ജലാലുദ്ദീന്‍ എന്ന ബൗളരെ ഏകദിന ചരിത്രം ഉള്ളിടത്തോളം കാലം മാറ്റി നിര്‍ത്താനാകില്ല .

2019 വര്‍ഷം അവസാനിച്ചപ്പോള്‍ 1971 ലെ ആദ്യ മത്സരം മുതല്‍ ഏകദിന ക്രിക്കറ്റില്‍ അതു വരെ നടന്നത് 4222 മത്സരങ്ങള്‍ ആയിരുന്നു .ഏകദിന ചരിത്രത്തിന്റെ തുടക്കം കഴിഞ്ഞ് 11 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഒരു ബൗളറുടെ ഹാട്രിക് പ്രകടനം കാണാന്‍ .

1982 ല്‍ പാകിസ്ഥാനിലെ ഹൈദരാബാദ് നിസാം സ്റ്റേഡിയത്തില്‍ ആസ്‌ത്രേലിയക്കെതിരായ 3 മത്സര ഏകദിന പരമ്പയിലെ ആദ്യ മത്സരം .ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 40 ഓവറില്‍ നേടിയത് 229/6 .ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഓപ്പണര്‍മാര്‍ ചേര്‍ന്ന് 100 റണ്‍സ് കൂട്ടുകെട്ടുമായി തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാനായില്ല .

പരിക്കേറ്റ ഇമ്രാന്‍ ഖാന്‍ മാറി നിന്നത് കൊണ്ട് സാഹീര്‍ അബ്ബാസിന്റെ ടീമില്‍ ഇമ്രാന്റെ അഭാവം കാരണം ടീമിലിടം കിട്ടിയ 23 കാരന്‍ ജലാലുദ്ദീന്‍ തന്റെ 7 മം ഓവര്‍ എറിയാനെത്തി .

നാലാമത്തെ പന്തില്‍ഓസീസ് കീപ്പര്‍ റോഡ് മാര്‍ഷിന്റെ പ്രതിരോധം തകര്‍ത്തപ്പോള്‍ പുന്തില്‍ ബ്രൂസ് യാര്‍ഡലിയുടെ എഡ്ജ് വിക്കറ്റ് കീപ്പര്‍ വസിം ബാരിയുടെ കൈകളില്‍ വിശ്രമിച്ചു .ജലാലുദ്ദീന്‍ അതു വരെ ആരും കൈവരിക്കാത്ത ഒരു നേട്ടത്തിന് തൊട്ടടുത്തി .സ്റ്റേഡിയം മുഴുവന്‍ നിശ്ശബ്ദരായി .

അടുത്ത പന്ത് നേരിട്ട ജെഫ് ലോസണ്‍ ക്ലീന്‍ ബൗള്‍ഡ് ആയതോടെ ഒരു പുതിയ ചരിത്രം പിറന്നു .പരിമിത ഓവര്‍ മത്സരത്തിലെ ആദ്യ ഹാട്രിക്ക് .ആസ്‌ട്രേലിയയുടെ മറുപടി 170 /9 ലവസാനിച്ചതോടെ പാക് ജയം 59 റണ്‍സിന് .ആ മത്സരത്തില്‍ ബോര്‍ഡറെയും പുറത്താക്കിയ ജലാലുദ്ദീന്‍ മത്സരത്തില്‍ 8 ഓവറില്‍ 32 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി .അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം .അടുത്ത മത്സരം 28 റണ്‍സിന് ജയിച്ച പാകിസ്ഥാന്‍ പരമ്പരയും നേടി .അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചു .

ആ പരമ്പരക്ക് മുന്‍പ് ഒരു ഏകദിനത്തിന്റെ മാത്രം മത്സരപരിചയമുള്ള ജലാലുദ്ദീന്‍ മറ്റ് പാക് ബൗളര്‍മാരെ പോലെ എക്‌സ്പ്രസ്സ് വേഗത്തിനുടമയല്ലെങ്കിലും സാഹചര്യത്തിന് അനുസരിച്ച് പന്തെറിയാന്‍ പറ്റുന്ന ,ഉപയോഗപ്പെടുത്തിയാല്‍ കുറേക്കൂടി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ കഴിവുള്ളവനും ആയിരുന്നു .എന്നാല്‍ 6 ടെസ്റ്റിലും 8 ഏകദിനങ്ങളിലുമായി ഒതുങ്ങേണ്ടി വന്നു ആ കരിയര്‍ .ഏകദിനത്തില്‍ ആകെ 14 വിക്കറ്റുകള്‍ നേടിയെങ്കിലും കുത്തൊഴുക്കുള്ള പാക് പേസ് പടയില്‍ ഒരു സ്ഥിര സാന്നിധ്യമാകാന്‍ അദ്ദേഹത്തിന് പറ്റിയില്ല .

ഏകദിന ക്രിക്കറ്റിലെ ആദ്യ ഹാട്രിക്കിനുടമയായ ആ മത്സരത്തില്‍ പക്ഷെ കളിയിലെ കേമന്‍ പട്ടം കിട്ടിയത് മനോഹരമായ സെഞ്ചുറി നേടിയ പാക് ഓപ്പണര്‍ മൊഹ്‌സീന്‍ ഖാന് ആയിരുന്നു .
…………………………………………………….
ജൂണ്‍ 11… ജലാലുദ്ദീന്റെ ജന്‍മദിനം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍