ഇന്ത്യയ്ക്കായി കളിക്കേണ്ടവനാണവന്‍, മധ്യനിര ഭരിക്കേണ്ടവന്‍, എന്തൊരു അവഗണന

കെ നന്ദകുമാര്‍ പിള്ള

2015 / 16 സീസണ്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത താരം ആരാണെന്ന് അറിയാമോ ? ഒരു ഉത്തരമേയുള്ളൂ …. 36 മത്സരങ്ങളില്‍ നിന്ന് 159 വിക്കറ്റുകളുമായി ജലജ് സക്സേന.. കുറച്ച് അദ്ഭുതം തോന്നുന്നുണ്ടോ.. വരട്ടെ, കൂടുതല്‍ ഞെട്ടാന്‍ തയ്യാറായിക്കോളു.. 2014 ഓഗസ്റ്റ് മുതല്‍ 2020 ജനുവരി വരെയുള്ള കാലഘട്ടത്തില്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍, 3000 റണ്‍സും 150 വിക്കറ്റും നേടിയ ലോകത്താകമാനമുള്ള ഓള്‍ റൗണ്ടര്‍ മാരില്‍ മൂന്നാം സ്ഥാനത്ത് ആരാണെന്ന് അറിയാമോ ? അതിനും ഉത്തരം ഒന്നേയുള്ളു : 3012 റണ്‍സും 200 വിക്കറ്റുകളുമായി ജലജ് സക്സേന.. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ? എന്നാല്‍ അത് സത്യമാണ്.. ഒന്നും രണ്ടും സ്ഥാനത്ത് നില്കുന്നത് മൊയീന്‍ അലിയും ജിതന്‍ പട്ടേലും ആണെന്നറിയുക..

2016 / 17 സീസണിലാണ് ഛത്തീസ്ഗഡ് ടീമിന് രഞ്ജി ട്രോഫി കളിയ്ക്കാന്‍ ബിസിസിഐ അനുമതി നല്‍കിയത്.. അതിനു തൊട്ടു മുന്‍പത്തെ സീസണ്‍ വരെ (2015 / 16) പത്തു വര്‍ഷത്തോളമായി മധ്യപ്രദേശ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ജതിന്‍ സക്‌സേനയും സഹോദരന്‍ ജലജ് സക്‌സേനയും അവരുടെ നാടായ ഛത്തീസ്ഗഡ് ടീമിലേക്ക് ചേക്കേറും എന്ന് തന്നെയാണ് എല്ലാവരും കരുതിയത്.. പക്ഷെ കൃത്യ സമയത്ത് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ഇടപെടലിന്റെ ഫലമായി മികച്ച താരമായിരുന്ന ജലജ് കേരളാ ടീമില്‍ എത്തിച്ചേര്‍ന്നു.. ജലജിന്റെ സഹോദരന്‍ പിന്നീട് ഛത്തീസ്ഗഡ് ടീമില്‍ ചേരുകയുണ്ടായി.

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സര്‍ക്യൂട്ടില്‍ നൂറു കണക്കിന് താരങ്ങളുണ്ടായിട്ടും എന്തുകൊണ്ട് സക്‌സേനയെത്തന്നെ കേരളം തേടിപ്പിടിച്ചു? ഈ ചോദ്യം സ്വാഭാവികം. അതിന്റെ കാരണമിതാണ്.. 2015/ 16 രഞ്ജി സീസണില്‍ 588 റണ്‍സും 49 വിക്കറ്റുകളുമായി മികച്ച ഓള്‍ റൌണ്ട് പ്രകടനമാണ് സക്സേന കാഴ്ചവെച്ചത്.. ഒരു സീസണില്‍ 50 വിക്കറ്റും 500 + റണ്‍സും എന്ന റെക്കോര്‍ഡ് ഒരു വിക്കറ്റിന്റെ കുറവിലാണ് സക്‌സേനയുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടത്.

ടീമില്‍ എത്തിച്ചേര്‍ന്ന നാള്‍ മുതല്‍ കേരളത്തിന് ഒരു മുതല്‍ക്കൂട്ടാണ് സക്സേന.. അത് ബാറ്റുകൊണ്ടായാലും ബോളുകൊണ്ടയാലും തന്നാലാവുന്നത് അദ്ദേഹം ചെയ്തിരിക്കും. ആദ്യ സീസണില്‍(2016 / 17) തന്നെ അദ്ദേഹം വരവറിയിച്ചു. 3 അര്‍ദ്ധ സെഞ്ചുറികള്‍ അടക്കം 272 റണ്‍സും ഒരു 5 വിക്കറ്റ് പ്രകടനം അടക്കം 20 വിക്കറ്റുകളും അദ്ദേഹം നേടി. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ എടുത്ത വളരെ മികച്ചൊരു തീരുമാനമാണ് സക്‌സേനയെ ഇങ്ങോട്ടു കൊണ്ട് വന്നത്.. അദ്ദേഹം ടീമിന് നല്‍കുന്ന ആത്മവിശ്വാസം, സ്ഥിരത ഇതെല്ലം ദേശീയ തലത്തില്‍ മുന്നേറാന്‍ കേരളത്തെ ഒട്ടൊന്നുമല്ല സഹായിച്ചത്..

2017/18 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ 522 റണ്‍സും (1 സെഞ്ച്വറി, 3 അര്‍ദ്ധ സെഞ്ച്വറി) 44 വിക്കറ്റുകളുമായി ജലജ് മുന്നില്‍ നിന്ന് നയിച്ചു.. 2018 / 19 സീസണ്‍ കേരളത്തെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ്.. കേരളം ആദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലില്‍ കടന്ന വര്ഷം.. വീണ്ടും ജലജ്.. ഇപ്രാവശ്യം 551(രണ്ടു സെഞ്ചുറി, രണ്ടു അര്‍ധസെഞ്ചുറി) റണ്‍സും 28 വിക്കറ്റും.. അതില്‍ തന്നെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ കരുത്തരായ ബംഗാളിനെ ആദ്യമായി കേരളം അട്ടിമറിച്ചപ്പോള്‍ 143 റണ്‍സുമായി ജലജ് തിളങ്ങി.. അതുപോലെ എത്രയെത്ര പ്രകടനങ്ങള്‍…

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 123 മത്സരങ്ങളില്‍ നിന്ന് 14 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും അടക്കം 6000 + റണ്‍സും 347 വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 5 വിക്കറ്റ് പ്രകടനം 21 തവണ.

മികച്ച ഒരു ഓഫ് സ്പിന്നറായ സക്‌സേനയുടെ ആവനാഴിയില്‍ ഗൂഗ്ലിയും, ക്യാരം ബോളും, ലെഗ്സ്പിന്നറുകളും ഉണ്ട്.. ഇത്രയൊക്കെ ചെയ്തിട്ടും സക്സേന ദേശീയ സെലെക്ടര്‍മാരുടെ കണ്ണില്‍ പെട്ടില്ല എന്നത് അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം. അവസരത്തിനായി മത്സരം നടക്കുന്ന ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കാത്തതു മനസിലാക്കാം.. പക്ഷെ നാളിതുവരെയായി രണ്ടേ രണ്ട് ഇന്ത്യ എ മത്സരങ്ങളെ അദ്ദേഹത്തിന് ലഭിച്ചുള്ളൂ എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്..

സക്‌സേനക്ക് 34 വയസായി. ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. വിരമിക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ ടീമിലേക്ക് ഒരു വിളി അദ്ദേഹം തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. അങ്ങനെ ആഗ്രഹിക്കാനുള്ള എല്ലാ അര്‍ഹതയും ജലജ് സക്‌സേനക്ക് ഉണ്ട്താനും. അങ്ങനെ സംഭവിച്ചാല്‍ മധ്യപ്രദേശ് കാരേക്കാള്‍ ഒരുപക്ഷെ കൂടുതല്‍ സന്തോഷിക്കുക നമ്മള്‍ മലയാളികളായിരിക്കും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like