കനത്ത തിരിച്ചടി, രണ്ട് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ കൂടി ആശുപത്രിയില്‍

സിഡ്‌നി ടെസ്റ്റില്‍ കളി ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലായിരിക്കെ ഇന്ത്യയെ തേടി മറ്റൊരു തിരിച്ചടിയുടെ വാര്‍ത്ത കൂടി. രണ്ട് ഇന്ത്യന്‍ താരങ്ങളാണ് പരിക്കേറ്റ് ആശുപത്രിയില്‍ ആയിരിക്കുന്നത്. ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ‘ഏറുകൊണ്ട്’ ആശുപത്രിയിലായത്.

മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിനെതിരെ ഇവരെ കൂടാതെയാണ് ഇന്ത്യ കളിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ വൃദ്ധിമാന്‍ സാഹയാണ് പന്തിനു പകരം വിക്കറ്റ് കാത്തത്. അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ നാലു വിക്കറ്റും ഒരു റണ്ണൗട്ടും സഹിതം ഓസീസിനെ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജഡേജയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

രണ്ടാം ഇന്നിങ്‌സില്‍ ഇവര്‍ക്ക് ബാറ്റു ചെയ്യാനാകുമോ എന്ന കാര്യം ഇനിയും ഉറപ്പിക്കാനായിട്ടില്ല. ബാറ്റു ചെയ്യുന്നതിനിടെ ഓസീസ് പേസ് ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് ഇടതു കൈമുട്ടില്‍ പതിച്ചാണ് പന്തിന് പരുക്കേറ്റത്. ചികിത്സ തേടിയശേഷം ബാറ്റിങ് തുടര്‍ന്ന പന്ത് 36 റണ്‍സുമായി പുറത്തായി. അഞ്ചാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് പന്ത് മടങ്ങിയത്. ബാറ്റിങ് പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് പന്ത് സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിയത്.

തൊട്ടുപിന്നാലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയും സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തി. ബാറ്റു ചെയ്യുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കൈവിരലില്‍ കൊണ്ടാണ് ജഡേജയ്ക്ക് പരുക്കേറ്റത്. ചികിത്സ തേടിയശേഷം ബാറ്റിങ് തുടര്‍ന്ന ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 240 കടത്തിയത്. ജഡേജ 37 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 28 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സില്‍ 94 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് ഇരുവരുടെയും പരിശോധനാ ഫലം നിര്‍ണായകമാണ്.

പരുക്കുമൂലം പേസ് ബോളര്‍മാരായ ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഓപ്പണര്‍ രോഹിത് ശര്‍മ എന്നവരെ കൂടാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയത്. ഇതില്‍ രോഹിത് ശര്‍മ പിന്നീട് പരുക്കു ഭേദമായി ടീമിനൊപ്പം ചേര്‍ന്നു. ഓസ്‌ട്രേലിയയിലെത്തിയശേഷം മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെല്ലാം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതിനാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സേവനവും ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല.

You Might Also Like