ഇതു വലിയ നാണക്കേട്, ഓസിലിനു അവസരം നൽകാത്തതിനെക്കുറിച്ച് മുൻ താരം പറയുന്നതിങ്ങനെ

ഫസ്റ്റ് ടീമിൽ നിന്നും എല്ലാ കോമ്പറ്റിഷനുകളിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ആഴ്സണലിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ഓസിലിന്റെ എല്ലാ വാതിലുകളും അടഞ്ഞ അവസ്ഥയാണിപ്പോഴുള്ളത്. ലോക്ക് ഡൗണിനു ശേഷം ഒരു മത്സരം പോലും താരത്തിനു ആഴ്സണലിന്‌ വേണ്ടി ബൂട്ടുകെട്ടാൻ സാധിച്ചിട്ടില്ല. നിലവിലെ പരിശീലകനായ മൈക്കൽ അർട്ടെറ്റയും ഓസിലിനെ കയ്യൊഴിഞ്ഞ മട്ടാണുള്ളത്.

സീസണിന്റെ തുടക്കത്തിൽ ആഴ്‌സണൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നതെങ്കിലും നിലവിലെ മോശം പ്രകടനം ആഴ്‌സണലിനെ പ്രതികകൂലമായി ബാധിച്ചിരിക്കുകയാണ്. പതിമൂന്നു പോയിന്റുമായി പ്രീമിയർ ലീഗിൽ നിലവിൽ പതിനാലാം സ്ഥാനത്താണ് ആഴ്സണലിന്റെ സ്ഥാനം. ക്രീയേറ്റീവ് അല്ലാത്ത മധ്യനിരയാണ് പ്രശ്നമായി വിദഗ്ധർ വിലയിരുത്തുന്നത്.

എന്നാൽ ഈ പ്രശ്നത്തിന് നിലവിൽ പരിഹാരം കണ്ടെത്താൻ ഓസിലിനെ കളിക്കളത്തിലെത്തിക്കണമെന്ന അഭിപ്രായക്കാരനാണ് മുൻ ആഴ്‌സണൽ താരമായ ജാക്ക് വിൽഷേർ. നിരന്തരമായ പരിക്കുകളാണ് വലിയ പ്രതിഭയായ ജാക്ക് വിൽഷേറിന്റെ ആഴ്‌സണൽ കരിയറിന് വലിയ തിരിച്ചടിയായത്. എന്നാൽ ഇതൊന്നുമില്ലാതെ ഓസിലിനെ പ്പോലൊരു താരത്തിനു അവസരം ലഭിക്കാത്തത് ആഴ്സണലിന്‌ തന്നെ വലിയ നാണക്കേടാണെന്നാണ് വിൽഷേറിന്റെ പക്ഷം. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വിൽഷേർ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

“അദ്ദേഹത്തിന്റെ കൂടെ കളിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹമൊരു മികച്ച താരമാണ്. നിലവിലെ അദ്ദേഹത്തിന്റെ സാഹചര്യം വലിയ നാണക്കേടാണെന്നു തന്നെ പറയാം. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നു ആർക്കും അറിയില്ല. പക്ഷെ എല്ലാവരും ഒരിക്കൽ അതു തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹം ആ ടീമിലെതന്നെ വലിയ താരമാണെന്നാണ് എനിക്ക് തോന്നുന്നത്. അർട്ടേറ്റയുടെ കീഴിൽ ഓസിൽ കളിച്ചു കാണാനാണ് എനിക്കിഷ്ടം. എന്നാൽ അതിപ്പോൾ നടക്കാത്ത അവസ്ഥയാണുള്ളത്. ലാകാസറ്റെക്കും ഒബമയാങ്ങിനും മുന്നേറ്റത്തിൽ നല്ല രീതിയിൽ പിന്തുണ നൽകാൻ ഓസിലിനു സാധിക്കും.” വിൽഷേർ വ്യക്തമാക്കി.

You Might Also Like