ഇവാന് വിധി നിര്‍ണ്ണയ ദിനം, വിലക്ക് പ്രഖ്യാപിക്കും

ഐഎസ്എല്‍ നോകൗട്ട് സ്‌റ്റേജിലെ മത്സരത്തിലെ അനിഷ്ട സംഭവത്തിന്റെ പേരില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ഉടന്‍ വിലക്ക് വന്നേക്കും. ഇവാനെ വിലക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ കായിക മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുലാനോ അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മെര്‍ഗുളാണോ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ബംഗളുരുവിനെതിരായ ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തില്‍ വാക്ക്ഔട്ട് നടത്തിയതിന് ഇവാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വിവാദ സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിനോടും ഇവാനോടും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവാന്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇവാനെതിരെ ശിക്ഷ നടപടി കാത്തിരിക്കുന്നത്. ഐഎസ്എല്‍ അവസാനിച്ച ശേഷമാണ് ഇക്കാര്യത്തില്‍ നടപടി ഉണ്ടാകു എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനിടെയാണിപ്പോള്‍ ഇവാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചന പുറത്തുവരുന്നത്.

പ്ലേ ഓഫ് മത്സരത്തില്‍ ബംഗളുരു താരം സുനില്‍ ഛേത്രി നേടിയ ഗോള്‍ റെഫറി അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായി കളി ബഹിഷ്‌ക്കരിച്ചത്. ഇത് വലിയ ചര്‍ച്ച വിഷമാകുകയും ചെയ്തിരുന്നു.

 

You Might Also Like