പ്ലേ ഓഫിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കണം, പുതിയ പദ്ധതികളുമായി ഇവാനാശാൻ

Image 3
ISL

ജംഷഡ്‌പൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. രണ്ടു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ഫിനിഷിങ്ങിലെ പോരായ്‌മ തന്നെയാണ് തിരിച്ചടി നൽകിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു പോയിന്റ് കൂടി വേണ്ട ബ്ലാസ്റ്റേഴ്‌സ് നിർണായക പോരാട്ടങ്ങൾ ആകുമ്പോഴേക്ക് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഇന്നലത്തെ മത്സരം വ്യക്തമാക്കുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിച്ചിരുന്നത്. അങ്ങിനെ കളിക്കുമ്പോൾ പ്രത്യാക്രമണങ്ങൾ കൃത്യമായി സംഘടിപ്പിക്കണമെങ്കിലും അതിനു ടീമിന് കൃത്യമായി കഴിഞ്ഞിരുന്നില്ല. പാസുകൾ മുറിയുന്നതും താരങ്ങൾ തമ്മിലുള്ള ഒത്തിണക്കത്തിന്റെ കുറവും സീസണിന്റെ അവസാനമായതു കൊണ്ടുള്ള തളർച്ചയുമെല്ലാം കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

മത്സരത്തിന് ശേഷം അടുത്ത മത്സരം മുതൽ റൊട്ടേഷൻ സമ്പ്രദായം കൊണ്ടുവരുമെന്നും അഞ്ചോ ആറോ താരങ്ങൾക്ക് വരെ മാറ്റമുണ്ടാകുമെന്നുമാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. ഇത് അവസരങ്ങൾ കുറഞ്ഞ താരങ്ങൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം നൽകുകയും തളർച്ചയുള്ള താരങ്ങൾക്ക് വിശ്രമത്തിനു അവസരം നൽകുകയും ചെയ്യുമെന്നതിനാൽ ഗുണം ചെയ്യുന്ന കാര്യമാണ്.

ഇനി മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. അതിൽ നിന്നും ടീമിന് വേണ്ടത് ഒരേയൊരു പോയിന്റ് മാത്രവും. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ഇവാൻ വുകോമനോവിച്ചിന്റെ പരീക്ഷണങ്ങളാവും ബ്ലാസ്റ്റേഴ്‌സിൽ നടക്കുക. അതിൽ നിന്നും പ്ലേ ഓഫ് ആരംഭിക്കുമ്പോഴേക്കും മികച്ചൊരു ഫോർമേഷനും ഒരു ടീമിനെയും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.