ബാഴ്‌സ ഉപേക്ഷിച്ച് റാക്കിറ്റിച്ച്, റാഞ്ചിയത് മറ്റൊരു ലാലിഗ ക്ലബ്‌

ബാഴ്സലോണയുടെ ക്രോയേഷ്യൻ സൂപ്പർ താരം ഇവാൻ റാക്കിറ്റിച്ച് ബാഴ്സയിൽ നിന്നും സെവിയ്യയിലേക്ക് കൂടുമാറി. ബാഴ്‌സയും സെവിയ്യയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. റാകിറ്റിച്ചിന്റെ മുൻ ക്ലബാണ് സെവിയ്യ. ആറു വർഷങ്ങൾക്ക് മുമ്പ് സെവിയ്യയിൽ നിന്നായിരുന്നു റാക്കിറ്റിച്ച് ബാഴ്സലോണയിൽ എത്തിയത്.

താരം നാലു വർഷത്തെ കരാറാണ് സെവിയ്യയുമായി ഒപ്പുവെച്ചിരിക്കുന്നത്. 1.5 മില്യൺ യുറോ തുകയും 9 മില്യൺ യുറോ പ്രകടനവുമായി ബന്ധപ്പെട്ട് അധിക വേതനവുമായാണ് കരാർ തുക. ഈ ബുധനാഴ്ച്ച താരത്തിണ് ആദരമായി വിടവാങ്ങൽ ചടങ്ങ് ബാഴ്സ സംഘടിപ്പിക്കും. കൂടാതെ താരത്തിന്റെ പത്രസമ്മേളനവും നടക്കും.

2014-ൽ സെവിയ്യക്ക് യൂറോപ്പ ലീഗ് കിരീടം നേടികൊടുത്ത മികച്ച പ്രകടനത്തിന് ശേഷമാണ് താരം ബാഴ്സയിൽ എത്തുന്നത്. സെവിയ്യക്ക് വേണ്ടി 149 മത്സരങ്ങൾ കളിച്ച താരം 32 ഗോളും 41 അസിസ്റ്റും നേടിയിരുന്നു. ആ പ്രകടനമാണ് താരത്തെ ബാഴ്‌സയിൽ എത്തിച്ചത്.

ബാഴ്സക്ക് വേണ്ടി തന്റെ ആറു വർഷത്തെ കരിയറിൽ 310 മത്സരങ്ങൾ താരം കളിച്ച താരം അതിൽ നിന്നും 35 ഗോളും 42 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, കോപ്പ ഡെൽ റേ എന്നിവയെല്ലാം തന്നെ റാക്കിറ്റിച്ച് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ വേൾഡ് കപ്പ്‌ ഫൈനൽ വരെയെത്തിയ ക്രോയേഷ്യൻ ടീമിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

You Might Also Like