30 മത്സരങ്ങളിൽ തോൽവിയറിയാതെ ഇറ്റലി; അസൂറികളെ പിടിച്ചു കെട്ടാനാര്?

Image 3
Euro 2020

തങ്ങളുടെ ദേശീയചരിത്രത്തിലെ ഏറ്റവും വലിയ വിജയക്കുതിപ്പിലാണ് ഇറ്റലി. ഗ്രൂപ്പ് മത്സരത്തിൽ ഞായറാഴ്ച വെയിൽസിനെ പരാജയപ്പെടുത്തിയതോടെ മുഴുവൻ പോയിന്റുകളുമായി ഇറ്റലി പ്രീക്വാർട്ടറിൽ എത്തി. മത്സരം പരാജയപ്പെട്ടെങ്കിലും ഗോൾ ആവറേജിൽ രണ്ടാമത്തെ സ്ഥാനം നിലനിർത്തിയ വെയിൽസും പ്രീ ക്വാർട്ടർ യോഗ്യത നേടി.

വിജയത്തോടെ വിജയക്കണക്കിൽ ഇറ്റലിയുടെ ദേശീയ റെക്കോർഡിന് ഒപ്പമാണ് മാൻസീനിയും സംഘവും. വെയിൽസിനെതിരായ ജയത്തോടെ തോൽവിയറിയാതെ തുടർച്ചയായ 30 മത്സരങ്ങൾ ഇറ്റലിതികച്ചു. ഇതുകൂടാതെ കഴിഞ്ഞ 11 മത്സരങ്ങളിൽ ആരും ഇറ്റലിയുടെ വലയിൽ പന്തെത്തിച്ചിട്ടില്ല. 11 മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരിക്കുമ്പോഴും ഇറ്റലി മറുപടിയില്ലാതെ അടിച്ചുകൂട്ടിയത് 32 ഗോളുകളാണ്.

1935 ഒക്ടോബറിനും 1939 ജൂലൈക്കും ഇടയിൽ മാത്രമാണ് ഇതിന് മുൻപ് ഇറ്റലി തോൽവിയറിയാതെ 30 മത്സരങ്ങൾ പൂർത്തിയാക്കിയത്. പ്രീക്വാർട്ടറിലും വിജയക്കുതിപ്പ് തുടർന്നാൽ ഇറ്റലിയുടെ ഫുട്ബോൾ ചരിത്രത്തിൽ അതൊരു പൊൻതൂവലായി മാറും.

ദേശീയ ടീമിന്റെ പരിശീലകനായി മാൻസിനി നിയമിക്കപ്പെട്ട ശേഷം രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇറ്റലി പരാജയം അറിഞ്ഞത്. 2018 സെപ്റ്റംബറിൽ യുവേഫ നേഷൻസ് ലീഗിൽ പോർച്ചു​ഗലിനോട് ഏറ്റ പരാജയത്തിന് ശേഷം പരാജയത്തിന്റെ കൈപ്പുനീർ അസൂറികൾ രുചിച്ചിട്ടില്ല.