പിറന്നത് പുതുചരിത്രം; അസൂയപ്പെടുത്തുന്ന റെക്കോർഡുമായി ഇറ്റലി

Image 3
Euro 2020

പൊരുതിക്കളിച്ച ഓസ്ട്രിയയെ കീഴടക്കി ഇറ്റലി ക്വാർട്ടർ പ്രവേശനം നേടുമ്പോൾ രചിക്കപ്പെടുന്നത് ഇറ്റാലിയൻ ഫുട്ബോളിലെ പുതുചരിത്രം. ഇറ്റാലിയൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി 31 മത്സരങ്ങൾ തോൽവിയറിയാതെയാണ് റോബർട്ടോ മാനസീനിയും സംഘവും ക്വാർട്ടറിലെത്തുന്നത്. എന്നാൽ 12 മത്സരങ്ങളിൽ കാത്ത മറ്റൊരു റെക്കോർഡ് തകർന്നത് ഇറ്റലിക്ക് വേദനയായി. 1168 മിനിറ്റുകൾ ഗോൾ വഴങ്ങാതെ വന്ന ഇറ്റലിയുടെ വലയിൽ എക്സ്ട്രാ ടൈമിൽ അവസാന സമയത്ത് ഓസ്ട്രിയ പന്തെത്തിച്ചു.

1935 നും 1939 നും ഇടയിലാണ് ഇതിനു മുൻപ് ഇറ്റലിയുടെ നീണ്ട അപരാജിതകുതിപ്പിന്റെ കുതിപ്പിന്റെ ചരിത്രം. അന്ന് നാലുവർഷത്തോളം തോൽവി എന്തെന്നറിയാതെ ഇറ്റാലിയൻ ടീം രണ്ട് ലോകകപ്പുകളും ഒളിമ്പിക് മെഡലും സ്വന്തമാക്കിയിരുന്നു.

വെയിൽസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ വിജയത്തോടെ മാൻസീനി ഈ റെക്കോർഡിനൊപ്പം എത്തിയിരുന്നു. പ്രീ ക്വാർട്ടറിൽ ഓസ്ട്രിയയെ തോൽപ്പിച്ചതോടെ പുതുചരിത്രം മാൻസീനിക്ക് മാത്രം സ്വന്തം. മാൻസീനിയുടെ കീഴിൽ രണ്ട് തവണ മാത്രമേ ഇറ്റലി ഇതുവരെ പരാജയം രുചിച്ചിട്ടുള്ളൂ.

കഴിഞ്ഞവർഷം നാഷൻസ് ലീഗ് പോരാട്ടത്തിൽ നെതർലാൻഡ്‌സുമായി സമനിലയിൽ പിരിഞ്ഞ ശേഷം തുടർച്ചയായ പന്ത്രണ്ടാമത്തെ മത്സരത്തിലാണ് ഇറ്റലി ജയിച്ചുകയറുന്നത്. എന്നാൽ തുടർച്ചയായ പതിനൊന്ന് മത്സരത്തിൽ ഗോളുകൾ വഴങ്ങാതെ വിജയിച്ച അസൂറികൾക്ക് ഓസ്ട്രിയ നേടിയ ആശ്വാസ ഗോളോടെ ഈ റെക്കോർഡ് തുടരാനായില്ല. 1168 മിനുട്ടുകൾ വിള്ളലില്ലാതെ കാത്ത കോട്ടയ്ക്കും പഴുതുകളുണ്ടെന്ന് എക്സ്ട്രാ ടൈമിൽ സാസ കലാഡ്സിച് നേടിയ ഹെഡർ ഗോൾ തെളിയിച്ചു.