ഒന്നാം നമ്പറൊന്നും ഒന്നുമല്ല; ബെൽജിയവും വീണു, മാൻസീനിയുടെ ഇറ്റലിയെ ആര് പിടിച്ചുകെട്ടും?

ലോകചാമ്പ്യന്മാരും, യൂറോചാമ്പ്യന്മാരും നേരത്തെ വീണ യൂറോകപ്പിൽ ലോക ഒന്നാം നമ്പർ ടീമിന്റെ ചോരയും വീണു. മാൻസീനിയുടെ നേതൃത്വത്തിൽ അശ്വമേധം തുടരുന്ന ഇറ്റലിയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ വീണ് ബെൽജിയം യൂറോകപ്പിൽ നിന്നും പുറത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറുപടി പറഞ്ഞാണ് ഇറ്റലിയുടെ ജയം.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ലൊറന്‍സൊ ഇന്‍സീനെ ബോക്‌സിലേക്ക് നല്‍കിയ ഫ്രീകിക്ക് വലയിലെത്തിച്ച് ലിയണാര്‍ഡോ ബൊനൂച്ചിയാണ് ആദ്യം വലകുലുക്കിയത്. എന്നാല്‍ വീഡിയോ പരിശോധനയില്‍ ഓഫ് സൈഡ് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു.

22-ാം മിനിറ്റില്‍ കെവിൻ ഡി ബ്രൂയ്‌നെ വഴി ബെല്‍ജയത്തിന്റെ ഉറച്ച ഗോൾശ്രമം ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണരുമ ഒരു മുഴുനീള ഡൈവിലൂടെ നിഷേധിച്ചു.26-ാം മിനിറ്റില്‍ റൊമേലു ലുകാകുവിന്റെ ഗോളെന്നുറച്ച മറ്റൊരു ഷോട്ടും ഡോണരുമ കൈപ്പിടിയിലൊതുക്കി.

 

31-ാം മിനിറ്റില്‍ ബരേലയിലൂടെ ഇറ്റലി ലീഡെടുത്തു. ഇമ്മൊബീലെ ബോക്സിലേക്ക് നൽകിയ ബോൾ വെര്‍ട്ടോഗന്റെക്ലിയറൻസിൽ മാര്‍കോ വൊറാറ്റിയുടെ കാലിലേക്കെത്തി. വെറാറ്റി ബരേല്ലയ്ക്ക് മറിച്ചുനൽകിയ പന്ത് ബരേല്ല മനോഹരമായ ഷോട്ടിലൂടെ വലയിലെത്തിച്ചു.

 

44-ാം മിനിറ്റില്‍ ഇന്‍സീന്യയുടെ തകര്‍പ്പന്‍ ഗോളിലൂടെ ഇറ്റലി ലീഡുയര്‍ത്തി. സെന്റർ സർക്കിളിൽ നിന്നും ഒറ്റക്ക് മുന്നേറിയാണ് ഇന്‍സീന്യ മഴവില്ലഴകുള്ള ഷോട്ടിലൂടെ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് തന്നെ ഒരു ഗോൾ തിരിച്ചടിച്ച ബെൽജിയം തിരിച്ചുവരവ് പ്രഖ്യാപിച്ചു. ജെറമി ഡോകുവിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ ലുക്കാക്കുവാണ് സ്‌കോർ ചെയ്തത്.

എന്നാൽ രണ്ടാം പകുതിയില്‍ സമനില നേടാനുള്ള ബെൽജിയൻ ശ്രമങ്ങളെല്ലാം പാഴായി. 61-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം അത്ഭുതകരമാം വണ്ണം ലുകാകു പാഴാക്കിയതോടെ ബെൽജിയത്തിന്റെ വിധി നിർണയിക്കപ്പെട്ടു.
മാൻസിനിയുടെ കീഴിൽ ഇറ്റലിയുടെ തുടർച്ചയായ 13ആം ജയമാണിത്. 32 മത്സരങ്ങളിൽ ഇറ്റലി ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല.

 

You Might Also Like